ക്ഷേത്രമുറ്റം സ്വകാര്യഭൂമിയെന്ന വാദം തള്ളി; ഡി.വൈ.എഫ്.ഐയുടെ പരാതിയില്‍ ആര്‍.എസ്.എസ്.എസ് ശാഖ നിര്‍ത്താന്‍ ഉത്തരവ്; ശിവക്ഷേത്ര പരിസരത്ത് അനിശ്ചിതകാല നിരോധനാജ്ഞ


കോട്ടക്കല്‍ ശിവക്ഷേത്ര പരിസരത്ത് ആര്‍എസ്എസ് നടത്തിവന്ന ശാഖ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവ്. കോട്ടയ്ക്കല്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സബ് കളക്ടര്‍ സച്ചിന്‍ കുമാര്‍ യാദവ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
ആര്‍എസ്എസ് ശാഖ നിരോധിച്ചതിന് പിന്നാലെ കോട്ടയ്ക്കല്‍ വെങ്കിട്ടത്തേവര്‍ ക്ഷേത്ര പരിസരത്ത് സെക്ഷന്‍ 144 പ്രകാരം അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചു.
എന്നാല്‍, ക്ഷേത്രവിശ്വാസികള്‍ക്ക് രാവിലെ 5.30 മുതല്‍ രാത്രി 7.30വരെ ക്ഷേത്ര ദര്‍ശനത്തിനും ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും ഉളവുകള്‍ നല്‍കിയിട്ടുണ്ട്. ക്ഷേത്രമുറ്റം സ്വകാര്യഭൂമിയാണെന്നും ഇവിടെ മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ നടത്തുന്നതിന് അനുവാദം കൊടുക്കാന്‍ ഭൂമിയുടെ ഉടമസ്ഥരായ കിഴക്കേ കോവിലകം ട്രസ്റ്റ് മാനേജര്‍ക്ക് അധികാരമുണ്ടെന്നും മാനേജര്‍ ദിലീപ് രാജ വാദിച്ചെങ്കിലും മജിസ്‌ട്രേറ്റ് അംഗീകരിച്ചില്ല.
നേരത്തെ കോട്ടക്കല്‍ ശിവക്ഷേത്ര പരിസരത്ത് ആര്‍എസ്എസ് ശാഖ നടത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നും ക്ഷേത്ര പരിസരത്ത് ആര്‍എസ്എസ് ശാഖ നടത്തി. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
സംഭവുമായി ബന്ധപ്പെട്ട യോഗത്തില്‍ തിരൂര്‍ തഹസില്‍ദാര്‍ പി. ഉണ്ണി, കോട്ടക്കല്‍ വില്ലേജ് ഓഫീസര്‍ സുരേഷ്ബാബു, മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസി. കമ്മീഷണര്‍ ടി. ബിജു ചന്ദ്രശേഖരന്‍, കോട്ടക്കല്‍ സി.ഐ. അശ്വിത്, എസ്.ഐ പ്രിയന്‍, കിഴക്കെ കോവിലകം ട്രസ്റ്റ് മാനേജര്‍ കെ.സി. ദിലീപ് രാജ, ഉപദേശകന്‍ വിനയചന്ദ്രന്‍, ഡി.വൈ.എഫ്.ഐ നേതാക്കളായ എന്‍.പി. സുര്‍ജിത്, എം.പി. വൈശാഖ്, ആര്‍.എസ്. എസ് പ്രതിനിധി കെ.സി. വിനോദ്, ബി.ജെ.പി നേതാവ് എം.കെ. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.