കെ.എൻ.എം. മർകസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ ഖതീബ് ശിൽപ്പശാല

കെ എൻ എം മർകസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ ഖതീബ് ശിൽപ്പ ശാല കേരള ഖതീബ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി : ജീർണ്ണതകൾക്കും അധാർമ്മികതകൾക്കും മാന്യതയുടെ പരിവേഷം നൽകുകയും പുരോഗമനത്തിന്റെ ഓമനപ്പേരിട്ട് ഉദാര ലൈംഗികതയും ലഹരിയും സമൂഹത്തിലേക്ക് ഒളിച്ചു കടത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഗൂഢനീക്കങ്ങളെ പ്രതിരോധിക്കുന്നതിൽ മത പ്രബോധകർക്ക് ഏറെ ഉത്തരവാദിത്തമുണ്ടെന്ന് കെ.എൻ.എം. മർകസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ ഖതീബ് ശിൽപ്പ ശാല അഭിപ്രായപ്പെട്ടു.
നന്മയുടെ വെളിച്ചമുള്ള നാളെകൾ സഫലമാവാൻ പുതുതലമുറയെ സദാചാരവും സദ്‌വിചാരവും പരിശീലിപ്പിക്കണം. ജുമുഅ ഖുതുബകൾ ഇതിനുള്ള ശക്തമായ മാധ്യമമാണ്. ചെമ്മാട് ഖുർആൻ റിസർച്ച് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല കേരള ഖതീബ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു.
ജനങ്ങൾക്ക് മനസ്സിലാവാത്ത ജുമുഅ ഖുതുബകളും മായാവിക്കഥകൾ കുത്തിനിറച്ച മതപ്രഭാഷണങ്ങളും നേരിന്റെ വഴിയിൽ നിന്ന് ജനങ്ങളെ തിരിഞ്ഞ് നടക്കാനാണ് പ്രചോദിപ്പിക്കുകയെന്ന് സംഗമം അഭിപ്രായപ്പെട്ടു.
കെ എൻ എം മർകസുദ്ദഅവ ജില്ലാ വൈസ് പ്രസിഡന്റ് പി മൂസക്കുട്ടി മദനി അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫ സുല്ലമി കൊച്ചിൻ, ഡോ. സി മുഹമ്മദ് അൻസാരി, മുസ്തഫ മൗലവി നിലമ്പൂർ, എം ടി മനാഫ് മാസ്റ്റർ, എം ടി അയൂബ് മാസ്റ്റർ, കെ ടി ഗുൽസാർ പ്രസംഗിച്ചു.