രഹസ്യ അറയിൽ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേർ പിടിയിൽ


പെരിന്തൽമണ്ണ: കാറിൽ രഹസ്യ അറയുണ്ടാക്കി മതിയായ രേഖകളില്ലാതെ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. കാർ ഡ്രൈവർ മഹാരാഷ്ട്ര സാംഗ്ലി പോസ് വാഡി സ്വദേശി ഗണേശ് ജ്യോതിറാം യാദവ്് (26), ഖാനാപ്പൂർ സ്വദേശി വികാസ് ബന്ദോപന്ത് യാദവ് (24), തസ്ഗൗൺ വെയ്ഫാലെ സ്വദേശി പ്രദീപ് നൽവാഡെ (39) എന്നിവരിൽനിന്നാണ് പണം പിടികൂടിയത്.
രഹസ്യവിവരത്തെത്തുടർന്ന് തൂതയിൽ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ പ്രത്യേക അറയുണ്ടാക്കിയാണ് പണം വെച്ചിരുന്നത്.
സ്റ്റിയറിങ്ങിന് താഴെ ഡാഷ് ബോർഡിന് അടിവശത്തായി രണ്ടുഭാഗത്തേക്കും നീളുന്ന വിധം രഹസ്യ അറയുണ്ടാക്കിയിരിക്കുകയായിരുന്നു. പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത വിധത്തിലുള്ള അറയിൽ കടലാസിൽ പൊതിഞ്ഞ നിലയിൽ അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകളാണ് ഉണ്ടായിരുന്നത്.
തുടക്കത്തിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും കാറിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് വിശദമായി പരിശോധിച്ചതോടെയാണ് പണമുണ്ടെന്ന് മനസ്സിലായത്. പണം കോയമ്പത്തൂരിൽനിന്ന് എത്തിച്ചതാണെന്ന് പ്രതികൾ പറഞ്ഞതായി പോലീസ് അറിയിച്ചു.