വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നെത്തിച്ച എം.ഡി.എം.എ.യുമായി യുവാക്കൾ പിടിയിൽ.


വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നെത്തിച്ച എം.ഡി.എം.എ.യുമായി യുവാക്കൾ പിടിയിൽ. മഞ്ചേരി ചെരണി പിലാത്തോടൻ വീട്ടിൽ ഷഫീഖ്(37), മലപ്പുറം കോഡൂർ മുത്താരുതൊടി വീട്ടിൽ മുഹമ്മദ് ഹാറൂൺ (28) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റുചെയ്തത്.
രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഷഫീഖിന്റെ ചെരണയിലെ വീട്ടിൽവെച്ചാണ് ഇരുവരും പിടിയിലായത്. ഇവരിൽനിന്ന് മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന 56.588 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. മഞ്ചേരി കേന്ദ്രീകരിച്ച് സിന്തറ്റിക് ഡ്രഗ് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ടാഴ്ചയായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ബെംഗളൂരുവിൽനിന്ന് ഗ്രാമിന് മൂവായിരം രൂപയ്ക്കുവാങ്ങി അയ്യായിരം മുതൽ ആറായിരം രൂപവരെ വിലയ്ക്കാണ് ഇവർ എം.ഡി.എം.എ. വിൽപ്പന നടത്തിയിരുന്നത്.
ഹാറൂണിനെതിരേ നിലമ്പൂർ, മഞ്ചേരി സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ഇ.ടി. ഷിജു, പ്രിവന്റീവ് ഓഫീസർമാരായ ആസിഫ് ഇഖ്ബാൽ, മുസ്തഫ ചോലയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.