ചെട്ടിപ്പടിയിൽ കാറിടിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്


പരപ്പനങ്ങാടി: ചെട്ടിപ്പടിയിൽ കാറിടിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. ചെട്ടിപ്പടി ഗവ: എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാസിതി (9)നാണ് പരിക്കേറ്റത്. ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.
വൈദ്യർപടി ബസ്സ്റ്റോപ്പിൽ ബസിറങ്ങിയ കുട്ടി റോഡ് മുറിച്ചുകടക്കാൻ ഓരം ചേർന്ന് നിൽക്കെ ചെട്ടിപ്പടി ഭാഗത്തു നിന്നുംവന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സ്കൂളിന് മുന്നിൽ സ്പീഡ് ബ്രേക്കർ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ ഇത് വെട്ടിച്ചും അമിതവേഗതയിലാണെത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.