തേഞ്ഞിപ്പലം പോക്സോ കേസ്മനുഷ്യാവകാശ കമ്മിഷൻ അന്വേഷിക്കും


വിവാദമായ തേഞ്ഞിപ്പലം പോക്സോ കേസ് മനുഷ്യാവകാശ കമ്മിഷന്റെ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.
കുട്ടിയുടെ മാതാവ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. അലവിക്കെതിരേ ഗുരുതരമായ ആരോപണവുമായി മനുഷ്യാവകാശ കമ്മിഷനംഗം കെ. ബൈജുനാഥിന്റെ മുൻപിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ പുതിയ ഉത്തരവിട്ടത്.
ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് ഇതുസംബന്ധിച്ച് കമ്മിഷൻ ഉത്തരവ് നൽകി.
പീഡനത്തിനിരയായ പതിനഞ്ചുകാരിയായ മകളുടെ മൊഴി രേഖപ്പെടുത്താനും തെളിവെടുപ്പിനുമായി വീട്ടിൽ സി.ഐ. പോലീസ് ജീപ്പിൽ പോലീസ് വേഷത്തിലാണ് എത്തിയതെന്നും മകളെയും തന്നെയും അപമാനിച്ചുവെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.
മനോവേദനയിൽ മകൾ ആത്മഹത്യ ചെയ്തുവെന്നുമാണ് മാതാവിന്റെ പരാതി. ഈ കേസിൽ കമ്മിഷൻ മുൻപാകെ ഹാജരാകാൻ സി.ഐ.യ്ക്ക് കമ്മിഷൻ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.
45 കേസുകൾ പരിഗണിച്ചു. അഞ്ചെണ്ണത്തിൽ വിധി കൽപ്പിച്ചു. രണ്ടു കേസുകൾ കമ്മിഷന്റെ അന്വേഷണസംഘത്തിന് വിട്ടു. ബസിലെ ക്ലീനർ, കണ്ടക്ടർ എന്നിവർക്ക് തിരിച്ചറിയിൽ ബാഡ്ജും യൂണിഫോമും വേണമെന്ന പൊതുതാത്പര്യ ഹരജിയിൽ മലപ്പുറം എൻഫോഴ്മെൻറ് ആർ.ടി.ഒ.യോട് കമ്മിഷൻ റിപ്പോർട്ട് തേടി.
നന്നമ്പ്ര തട്ടത്തലം ലക്ഷംവീട് കോളനിയിൽ പത്തുപേർക്ക് പട്ടയത്തിന് വർഷങ്ങളോളം കാത്തിരിക്കേണ്ടിവന്ന പരാതിയിൽ തിരൂരങ്ങാടി തഹസിൽദാരോട് കമ്മിഷൻ റിപ്പോർട്ട് തേടി.