ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി ആറുമാസം ഒരുമിച്ചു കഴിഞ്ഞു; 32കാരിയുടെ പീഡനപരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ


ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. തൃശൂർ രാമവർമപുരം പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനായ കെ.സി. ശ്രീരാജാണ് അറസ്റ്റിലായത്.
വിവാഹ വാഗ്ദാനം നൽകി തൃശൂരിലെയും ഗുരുവായൂരിലെയും ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
പരാതി ഒത്തുതീർപ്പാക്കാൻ പാലക്കാട്ടേയും കാസർകോട്ടേയും ഭരണകക്ഷിയിലെ ചില പ്രാദേശിക നേതാക്കൾ ഇടപ്പെട്ടതായും യുവതി ആരോപിക്കുന്നു.
ഫേസ്ബുക്ക് വഴിയാണ് കാസർഗോഡ് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി പൊലിസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടത്. ഇരുവരും ആറ് മാസത്തോളം ഒന്നിച്ച് താമസിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വീട്ടുകാർ കാര്യങ്ങൾ അറിഞ്ഞത്. തൃശൂരിൽ ജോലി സംബന്ധമായി താമസിച്ചെന്നായിരുന്നു അതുവരെ വീട്ടുകാരോട് പറഞ്ഞിരുന്നത്.