ഹോട്ടലുടമയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി രണ്ട് കോടിയുടെ ജി എസ് ടി വെട്ടിപ്പ് നടത്തിയ ബംഗാളി പിടിയില്‍


ഹോട്ടലുടമയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി രണ്ടു കോടിയുടെ ജി എസ് ടി തട്ടിപ്പ് നടത്തി ബംഗാള്‍ സ്വദേശി പിടിയില്‍. വെസ്റ്റ് ബംഗാള്‍ കൊല്‍ക്കത്ത നോര്‍ത്ത് 24 പര്‍ഗാനാസില്‍ സഞ്ജയ് സിംഗ് (43) നെയാണ് ആലുവ സൈബര്‍ പോലീസ് സ്റ്റേഷന്‍ ടീം അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടല്‍ നടത്തുന്ന സജി എന്നയാളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി രണ്ട് കമ്പനികളാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തത്. അതിന് ശേഷം ഈ കമ്പനികളുടെ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് രണ്ടുകോടിയതുടെ ജി എസ് ടി തട്ടിപ്പ് നടത്തിയതായാണ് പൊലീസ് പറയുന്നത്.
സജിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ നിന്ന് നിരവധി സ്ഥാപനങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തിയതായി രേഖകളുണ്ടാക്കിയാണ് തട്ടിപ്പ്. ജി.എസ്.ടി ഓഫീസില്‍ നിന്ന് രണ്ട് കോടി രൂപയുടെ ബാധ്യതാ നോട്ടീസ് വന്നപ്പോഴാണ് സജി സംഭവം അറിയുന്നത്. തുടര്‍ന്ന് ബിനാനിപുരം സേറ്റഷനില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം നല്‍കുകയിും, തുടര്‍ന്ന് കേസ് സൈബര്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. എസ്.പി.വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ നിന്നും സജ്ഞയ് സിംഗിനെ സാഹസികമായി പിടികൂടുകയുമായിരുന്നു.
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, കെ.എസ്.ഇ.ബി ബില്ലുകള്‍ എന്നിവ ഓണ്‍ലൈന്‍ ലോണുകള്‍ എടുക്കുന്നതിന് സജി സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ഇവിടെ നിന്നായിരിക്കാം തട്ടിപ്പുസംഘത്തിന് വ്യാജ രേഖകള്‍ ഉണ്ടാക്കുന്നതിന് ഡോക്യുമെന്റുകള്‍ ലഭിച്ചതെന്ന് കരുതുന്നു. സജിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുമായി വിപണനം നടത്തിയെന്ന് പറയുന്ന മറ്റു കമ്പനികളെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ അതും വ്യാജമാണെന്ന് തെളിഞ്ഞു. ഇതിലെ ആറു കമ്പനികള്‍ സഞ്ജയ് സിംഗിന്റെ പേരിലുള്ളതാണ്. ഇന്‍സ്‌പെക്ടര്‍മാരായ എം.ബി.ലത്തീഫ്, കെ.ആര്‍.മോഹന്‍ദാസ്, എസ്.ഐ ടി.എം.സൂഫി , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.എം.തല്‍ഹത്ത്, ശ്യം കുമാര്‍, രതീഷ്, സുഭാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.