ഓൺലൈൻ സമ്മാന തട്ടിപ്പ് : വീട്ടമ്മക്ക് നഷ്ടമായത് ഒന്നേകാൽ ലക്ഷം രൂപ

പ്രതീകാത്മക ചിത്രം

ഓൺലൈൻ മാർക്കറ്റിംഗിന്റെ പേരിൽ സമ്മാന തട്ടിപ്പ്. പെരിങ്ങാടിയിലെ വീട്ടമ്മക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ ലക്ഷം രൂപ. ഇവരുടെ പരാതിയെ തുടർന്ന് കേസെടുത്ത ന്യൂമാഹി പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന്റെ സൂത്രധാരൻ മലയാളിയാണെന്ന് കണ്ടെത്തി.
പെരിങ്ങാടി തൗബാ മൻസിലിൽ ആമിനാ നൗശാദിന്റെ പരാതിയെ തുടർന്ന് അജ്ഞാതന്റെ പേരിൽ ന്യൂമാഹി പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. ഇൻസ്പെക്ടർ പി വി രാജന്റെ മേൽനോട്ടത്തിൽ പ്രിൻസിപ്പൽ എസ് ഐ മഹേഷ് കണ്ടമ്പത്തിനാണ് അന്വേഷണ
ചുമതല.
പോലീസ് പറയുന്നത് ഇങ്ങനെ. ഓൺലൈൻ
സ്ഥാപനത്തിലൂടെ
സാധനങ്ങൾ വാങ്ങാറുള്ള ആമിനയുടെ പേരിൽ ഏതാനും ദിവസം മുമ്പ് ഒരു രജിസ്ട്രേഡ് കവർ എത്തി. തുറന്ന് നോക്കിയപ്പോൾ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പൺ കിട്ടി. ചുരണ്ടി നോക്കിയപ്പോൾ 13,50,000 രൂപ സമ്മാനമുണ്ടന്ന് കണ്ടെത്തി. അതിൽ കാണപ്പെട്ട വാട്സ്ആപ് നമ്പറിൽ തെളിവുകൾ അയച്ചു നൽകി. ഉടൻ മറുപടി മറ്റൊരു നമ്പറിൽ നിന്ന് കോൾ വന്നു.
മീഷോവിന്റെ എക്സിക്യൂട്ടി വാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാണ് ഫോൺ വിളിവന്നത്. നിങ്ങളുടെ കൂപ്പൺ വെരിഫൈ ചെയ്യേണ്ടതുണ്ടെന്നായിരുന്നു സന്ദേശം.
പിന്നീട് ഫോൺ സന്ദേശങ്ങൾ വന്നുകൊണ്ടേയിരുന്നു. . ആദ്യം ആവശ്യപ്പെട്ടത് സമ്മാന സംഖ്യയുടെ ഒരു ശതമാനം ഉടൻ അയക്കണമെന്നായിരുന്നു.
പതിമൂന്നര ലക്ഷത്തിനായി വീട്ടമ്മ 14,000 മുതൽ 1,27,100 രൂപ വരെ വിവിധ ഗഡുക്കളായി അയച്ചു നൽകിയെങ്കിലും ചുരണ്ടി കണ്ടെത്തിയ സമ്മാനം മാത്രം വന്നില്ല.
വ്യത്യസ്ത കാരണങ്ങൾ
പറഞ്ഞ് 1,21,500 രൂപ വീണ്ടും
ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണന്നും വഞ്ചിക്കപ്പെട്ടതായും വീട്ടമ്മ തിരിച്ചറിഞ്ഞത്. തുടർന്നാണ് പരാതിയുമായി പോലീസിലെത്തിയത്.