പ്രകൃതിവിരുദ്ധ പീഡനം: മദ്രസാധ്യാപകന് 37 വർഷം കഠിനതടവ്


ആറാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസാധ്യാപകന് 37 വർഷം കഠിനതടവ്.
മഞ്ചേരി ചെറുകുളം എളങ്കൂർ കിഴക്കുമ്പറമ്പിൽ സുലൈമാനെ(56) യാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സി.ആർ. ദിനേഷ് ശിക്ഷിച്ചത്. 2015 ഏപ്രിലിൽ കുട്ടിയെ നിർബന്ധിപ്പിച്ച് സിഗരറ്റ് വലിപ്പിച്ച് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
കല്പകഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. 37 വർഷം കഠിനതടവിനുപുറമേ 80000 രൂപ പിഴയും വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ 34 മാസംകൂടി കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചാൽ 70000 രൂപ പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും ഉത്തരവായി. വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർമാരായിരുന്ന കെ.എം. സുലൈമാൻ, എം.കെ. ഷാജി എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥർ.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ആയിഷ പി. ജമാൽ, അശ്വിനി കുമാർ എന്നിവർ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.