നാലരവയസ്സുകാരിയെ പീഡിപ്പിച്ച് മുങ്ങിയയാൾ പിടിയിൽ


അഞ്ചുവർഷം മുൻപ് നാലരവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ചീക്കോട് പഞ്ചായത്തിലെ വിളയിൽ ചോലയിൽ ഉണ്ണി(45)യെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കാട് പോലീസ് അട്ടപ്പാടിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
2018-ലാണ് കേസിനാസ്‌പദമായ സംഭവം. അന്ന് ജാമ്യത്തിലിറങ്ങിയ പ്രതി കുറച്ചുകാലം അട്ടപ്പാടി കൽക്കണ്ടിയിലെ സഹോദരിയുടെ ഭർത്താവിന്റെ വീട്ടിലും ആനക്കട്ടിയിലുള്ള ഒരു ഹോട്ടലിലും കഴിഞ്ഞു. പിന്നീട് കോയമ്പത്തൂരിലെ പശുരിലും ഒളിവിൽ താമസിച്ചു. മൊബൈൽഫോൺ ഉപയോഗിക്കാത്തതിനാൽ പ്രതിയെ കണ്ടെത്തുക പോലീസിന് ബുദ്ധിമുട്ടായിരുന്നു.
ജപ്തി ചെയ്യാതിരിക്കാൻ പ്രതിയുടെ പേരിലുള്ള സ്വത്ത് മുഴുവൻ ഭാര്യ ബിന്ദുവിന്റെ പേരിൽ മാസങ്ങൾക്കുമുൻപ് എഴുതിവെച്ചിരുന്നു. ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ അരീക്കോട് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ജപ്തിനടപടികളിൽനിന്ന് രക്ഷപ്പെടാനായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാരുമായി നേരിട്ട് ബന്ധപ്പെടാതെ മറ്റുള്ളവരുടെ ഫോൺ ഉപയോഗിച്ച് പ്രതി അട്ടപ്പാടിയിലെ സഹോദരിയുമായി സംസാരിക്കും. ഈ വിവരങ്ങൾ ബിന്ദുവുമായി സഹോദരി പങ്കുവെക്കുകയാണ് പതിവ്.
നിരവധി ഫോൺകോളുകൾ പരിശോധിച്ച് ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ വലയിലാക്കിയത്.
ബുധനാഴ്‌ച അട്ടപ്പാടിയിൽ സഹോദരിയുടെ ഭർത്താവിന്റെ വീട്ടിൽവന്ന് തിരികെ കോയമ്പത്തൂരിലേക്കു പോകുന്ന വഴി കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞാണ് കൊണ്ടോട്ടി എ.എസ്.പി. വിജയഭരത് റെഡ്ഡിയുടെ നിർദേശാനുസരണം അറസ്റ്റുചെയ്തത്. വാഴക്കാട് എസ്.ഐ. പ്രദീപ്കുമാർ, എസ്.ഐ. അജിത്ത് വെട്ടത്തൂർ, സിവിൽ പോലീസ് ഓഫീസർമാരായ കെ.ടി. റാഷിദ്, സമ്മാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.