വഞ്ചനക്കേസിലെ പ്രതിയിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പോലീസ് സബ് ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി


വഞ്ചനക്കേസിലെ പ്രതിയിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പോലീസ് സബ് ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്.ഐ. സുഹൈലാണ് അറസ്റ്റിലായത്. ഏജന്റുമാരായ മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ, ഇരിങ്ങാലക്കുട സ്വദേശി ഹാഷിം എന്നിവരും പിടിയിലായി.
2017 -ൽ മലപ്പുറം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത വഞ്ചനക്കേസിലെ പ്രതിയായ പരാതിക്കാരന് 2019 -ൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനിടെ, മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ പോയ എസ്.ഐ. പരാതിക്കാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യവും കിട്ടി.
പരാതിക്കാരനെതിരേ വേറെയും വാറണ്ടുകൾ ഉണ്ടെന്നും കാണേണ്ടതുപോലെ കണ്ടാൽ സഹായിക്കാമെന്നും എസ്.ഐ. അറിയിച്ചു. കൈക്കൂലിയായി ഐ ഫോൺ 14 വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു.
അതനുസരിച്ച് ജനുവരി രണ്ടിന് കറുത്ത ഐ ഫോൺ 14 വാങ്ങി എസ്.ഐ. സുഹൈൽ നിർദേശിച്ചപ്രകാരം ഏജന്റായ മുഹമ്മദ് ബഷീറിനെ ഏൽപ്പിച്ചു. എന്നാൽ, നീല നിറത്തിലുള്ള ഐ ഫോൺ 14 (256 ജി.ബി.) തന്നെ വേണമെന്നും കേസ് മയപ്പെടുത്താൻ 3.5 ലക്ഷം രൂപ കൂടി വേണമെന്നും സുഹൈൽ ആവശ്യപ്പെട്ടു. നീല നിറത്തിലുള്ള ഫോൺ എത്രയും വേഗം വാങ്ങിക്കൊടുക്കാമെന്നും പണം നൽകാൻ കുറച്ച് സാവകാശം വേണമെന്നും പരാതിക്കാരൻ അറിയിച്ചു.
തുടർന്ന് കറുത്ത ഫോൺ ഏജന്റ് മുഖേന എസ്.ഐ. ജനുവരി നാലിന് തിരികെ നൽകി. പണം നൽകിയില്ലെങ്കിൽ കൂടുതൽ പ്രയാസമുണ്ടാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന് പരാതിക്കാരൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. വിജിലൻസ് ഡയറക്ടർ തുടർനടപടികൾക്കായി വടക്കൻ മേഖല പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ ചുമതലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആദ്യഗഡുവായി 50,000 രൂപ ഏൽപ്പിക്കവേയാണ് ഏജന്റ് മുഹമ്മദ് ബഷീറിനെ വിജിലൻസ് കൈയോടെ അറസ്റ്റ് ചെയ്തത്. പിന്നാലെ എസ്.ഐ. സുഹൈലിനെയും ഇരിങ്ങാലക്കുട സ്വദേശി ഹാഷിമിനെയും അറസ്റ്റ് ചെയ്തു.
വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്.പിമാരായ ഷാജി വർഗീസ്, സുനിൽകുമാർ, പോലീസ് ഇൻസ്പെക്ടർമാരായ ശിവപ്രസാദ്, എം.പി. രാജേഷ്, പോലീസ് സബ് ഇൻസ്പെക്ടർമാരായ ജയരാജൻ, സുനിൽ, പ്രദീപൻ, ഷാജി തുടങ്ങിയവരും ഉണ്ടായിരുന്നു.