അപകടംവരുത്തുന്ന വിധത്തിൽ ബസ് ഓടിച്ചു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ


അപകടംവരുത്തുന്ന വിധത്തിൽ ബസ് ഓടിക്കുകയും ഇതു തടഞ്ഞ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് സ്വകാര്യബസ് ജീവനക്കാർ പിടിയിൽ.
മഞ്ചേരി-കോഴിക്കോട് റൂട്ടിൽ ഓടുന്ന ‘ഫന്റാസ്റ്റിക്’ ബസിലെ ഡ്രൈവർ കൊണ്ടോട്ടി കുമ്മിണിപ്പറമ്പ് വളപ്പിൽ ജംഷാദലി (33), കണ്ടക്ടർ മേലങ്ങാടി പുളിയൻചാലിൽ ഷിബിൻ (36) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്.
ശനിയാഴ്‌ച വൈകീട്ട് മഞ്ചേരി പട്ടർകുളത്തുവെച്ചാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെ യാത്രക്കാരുമായി പോയ ബസ് അമിതവേഗത്തിൽ ഓടിക്കുന്നതുകണ്ട് പോലീസ് തടഞ്ഞു. ഇതോടെ പോലീസുകാർക്കെതിരേ ഇവർ ആക്രോശിച്ച് തട്ടിക്കയറുകയായിരുന്നു.
അന്വേഷണത്തിൽ ജംഷാദലി ബ്രൗൺഷുഗർ കടത്ത്, പീഡനം, വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണെന്നു തെളിഞ്ഞതായി പോലീസ് പറഞ്ഞു. ബ്രൗൺഷുഗർ കടത്തിയതിന് മൂന്നുമാസത്തെ ജയിൽവാസം കഴിഞ്ഞ് ഒരുമാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്.
ഷിബിന്റെ പേരിൽ നിരവധി അടിപിടിക്കേസുകളുണ്ട്. ബസ് പോലീസ് പിടിച്ചെടുത്തു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആർ.ടി.ഒ.യ്ക്ക് റിപ്പോർട്ട് നൽകുമെന്ന് പോലീസ് അറിയിച്ചു.