ഓട്ടോയില്‍ തുപ്പിയതിന് ഡ്രൈവർ അഞ്ചുവയസ്സുകാരനോട് ഷര്‍ട്ട് ഊരി തുടപ്പിച്ചതായി പരാതി; ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.


കോഴിക്കോട് അഴിയൂരില്‍ അഞ്ചുവയസ്സുകാരനോട് ഓട്ടോഡ്രൈവറുടെ ക്രൂരത. കുട്ടി തുപ്പിയത് ഓട്ടോയിലും ഡ്രൈവറുടെ ദേഹത്തും ആയി എന്നാരോപിച്ചായിരുന്നു ക്രൂരത. കുട്ടിയുടെ ഷര്‍ട്ട് അഴിച്ച് തുപ്പല്‍ തുടപ്പിച്ചു.
കുഞ്ഞിപ്പള്ളി ഓട്ടോസ്റ്റാന്റിലെ വിചിത്രന്‍ കോറോത്ത് എന്നയാളാണ് കുട്ടിയോട് ക്രൂരമായി പെരുമാറിയത്. ഓട്ടോയില്‍ നിന്നും പുറത്തേക്ക് തുപ്പാനാണ് ശ്രമിച്ചതെന്ന് കുട്ടി മൊഴി നല്‍കി.
ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ചോമ്പാല പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.
രണ്ട് ദിവസം മുമ്പാണ് സംഭവം. കുട്ടി സ്ഥിരമായി സ്‌കൂളില്‍ പോകുന്ന ഓട്ടോയാണ് ഇത്. ഓട്ടോയില്‍ നിന്ന് കുട്ടി പുറത്തേക്കാണ് തുപ്പാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് ഓട്ടോയിലും ഡ്രൈവറുടെ ശരീരത്തിലും ആയെന്നാരോപിച്ചാണ് കുട്ടിയുടെ ഷര്‍ട്ട് ഊരി കുട്ടിയെക്കൊണ്ട് തന്നെ തുപ്പല്‍ തുടപ്പിച്ചത്.