അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് അഞ്ചുവർഷം കഠിനതടവ്


അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് മഞ്ചേരി പോക്‌സോ അതിവേഗകോടതി അഞ്ചുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു. വേങ്ങര കണ്ണമംഗലം പടപ്പറമ്പ് കാഞ്ഞോളി പടിക്കൽ വീട്ടിൽ സുജിത് (24) നെയാണ് ജഡ്ജി കെ രാജേഷ് ശിക്ഷിച്ചത്.
2014 മാർച്ച് മാസത്തിൽ രണ്ടു ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ അവധി ദിവസം ബന്ധുവീട്ടിൽ ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോൾ ബന്ധുവിന്റെ സുഹൃത്തായ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ ആക്ടിലെ രണ്ടു വകുപ്പുകളിലുമായി അഞ്ചു വർഷം വീതവും 25,000 രൂപ വീതവുമാണ് ശിക്ഷ.
പിഴയടയ്ക്കാത്തപക്ഷം ഒാരോ വകുപ്പിലും ഒരുമാസം വീതം അധിക തടവ് അനുഭവിക്കണം. പ്രതി പിഴയടയ്ക്കുകയാണെങ്കിൽ തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
വേങ്ങര എസ്.ഐ. ആയിരുന്ന വി. ഹരിദാസനാണ് പ്രതിയെ അറസ്റ്റുചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ 11 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 11 രേഖകളും ഹാജരാക്കി.