NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ശബരിമലയില്‍ നാണയങ്ങള്‍ എണ്ണിത്തളര്‍ന്ന് ജീവനക്കാര്‍, അറുന്നൂറിലധികം ജീവനക്കാര്‍ 69 ദിവസമായി എണ്ണുന്നു, പൂര്‍ത്തിയായത് മൂന്ന് കൂനകളില്‍ ഒന്ന് മാത്രം, തീര്‍ക്കാതെ അവധിയില്ല

ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയങ്ങള്‍ എണ്ണിത്തളര്‍ന്ന് ജീവനക്കാര്‍. അറുന്നൂറിലധികം ജീവനക്കാരാണ് തുടര്‍ച്ചയായി 69 ദിവസവും നാണയങ്ങള്‍ എണ്ണുന്നത്. എന്നാല്‍ ഇത്ര ദിവസമായിട്ടും എണ്ണി തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുന്നു. നാണയങ്ങള്‍ എണ്ണിത്തീരാതെ ഇവര്‍ക്ക് അവധി എടുക്കാനും പറ്റാത്ത അവസ്ഥയാണുള്ളത്.

നാണയത്തിന്റെ മൂന്ന് കൂനകളില്‍ ഒന്ന് മാത്രമാണ് ഇതുവരെയായി എണ്ണി തീര്‍ന്നത്. ഇങ്ങനെ തുടരുകയാണെങ്കില്‍ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും രണ്ടുമാസം എടുക്കും. അതേസമയം നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാണിക്കയായി കിട്ടിയ കറന്‍സിയുടെ എണ്ണല്‍ പൂര്‍ത്തിയായത്.

നോട്ടും നാണയവും കൂടെ 119 കോടിയാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. ഇനി എണ്ണിത്തീരാനുളളത് 15-20 കോടിയോളം രൂപയുടെ നാണയമാണെന്നാണ് നിഗമനം. ഒമ്പത് മണിക്കൂറാണ് തുടര്‍ച്ചയായി നാണയമെണ്ണുന്നത്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിടും.

ഇങ്ങനെ വേര്‍തിരിക്കുന്ന നാണയങ്ങള്‍ അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. സ്റ്റൂളില്‍ ഇരുന്നാണു ജോലി ചെയ്യുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെവന്ന് ജീവനക്കാരെ പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *