തത്തയെ പിടിക്കാൻ തെങ്ങിൽ കയറി; തെങ്ങ് ഒടിഞ്ഞ് വീണ് വിദ്യാർഥി മരിച്ചു.


തലപോയ തെങ്ങിൽ കയറി തത്തയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് ഒടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു. ആലപ്പുഴ കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കതിൽ സുനിൽ-നിഷ ദമ്പതികളുടെ മകൻ കൃഷ്ണ ചൈതന്യ കുമാരവർമ്മയാണ് (17) മരിച്ചത്.
പുല്ലുകുളങ്ങര-കൊച്ചിയുടെ ജെട്ടി റോഡിൽ ഷാപ്പ് മുക്കിന് സമീപം മണ്ട പോയ ഉയരമുള്ള തെങ്ങിന്‍റെ പൊത്തിൽ നിന്നും തത്തക്കുഞ്ഞുങ്ങളെ എടുക്കാനായി കയറുന്നതിനിടെ പഴകി ദ്രവിച്ച് നിന്ന തെങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു.
നിലത്തുവീണ കൃഷ്ണ ചൈതന്യയെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും സമീപവാസികളും ചേർന്ന് ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മുതുകുളം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. മധുര മീനാക്ഷി സഹോദരിയാണ്.