മലപ്പുറം എസ്.പി.യുടെ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; ബിഹാർ സ്വദേശി അറസ്റ്റിൽ


മലപ്പുറം: ജില്ലാ പോലീസ് മേധാവിയുടെ ഫോട്ടോവെച്ച് വ്യാജ വാട്‌സാപ്പ് പ്രൊഫൈൽ നിർമിക്കുകയും വ്യാജ സമ്മാന ലിങ്കുകൾ ആളുകൾക്ക് അയക്കുകയുംചെയ്ത ബിഹാർ സ്വദേശിയെ അറസ്റ്റുചെയ്തു. സിക്കന്ദർ സാദ(31)യെയാണ് മലപ്പുറം സൈബർ ക്രൈംബ്രാഞ്ച് ഉഡുപ്പി സിദ്ധപുരയിൽ അറസ്റ്റുചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറിൽ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് മലപ്പുറം എസ്.പി. സുജിത് ദാസിന്റെ ചിത്രംവെച്ചുള്ള സന്ദേശങ്ങൾ വന്നു. യൂണിഫോമിട്ട ചിത്രമുപയോഗിച്ചാണ് പ്രൊഫൈൽ നിർമിച്ചത്. അതോടൊപ്പം സാധാരണക്കാർക്ക് ആമസോൺ ഗിഫ്റ്റ് വൗച്ചറിലൂടെ പണം ലഭിക്കുന്നതിനുള്ള സന്ദേശങ്ങളും ലിങ്കുകളും അയച്ചു. ഔദ്യോഗിക നമ്പറിൽനിന്നല്ലാതെ സന്ദേശങ്ങൾ വന്നത് ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കി. നാട്ടുകാരിൽനിന്ന് പരാതി വരാൻ തുടങ്ങി. അങ്ങനെയാണ് സൈബർ ക്രൈം സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങിയത്.
ബിഹാർ, യു.പി. എന്നിവിടങ്ങളിലെ തട്ടിപ്പുസംഘമാണ് ഇതിനു പിന്നിലെന്ന് മനസ്സിലായിരുന്നു. അന്വേഷണം തുടങ്ങിയപ്പോഴേക്ക് തട്ടിപ്പിനുപയോഗിച്ച വാട്‌സാപ്പ് അക്കൗണ്ട് നിഷ്‌ക്രിയമാക്കി പ്രതികൾ മുങ്ങി. നിരന്തരം പ്രതികളെ നിരീക്ഷിച്ചതിലൂടെ ജമ്മുകശ്‌മീർ മുതൽ കർണാടകം വരെയുള്ള വിവിധ വിലാസങ്ങൾ ഉപയോഗിച്ച് വീണ്ടും തട്ടിപ്പുനടത്തുന്നതായി ബോധ്യപ്പെട്ടു. അങ്ങനെയാണ് മലപ്പുറം ഡിവൈ.എസ്.പി. പി. അബ്ദുൾബഷീറിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം ഇൻസ്‌പെക്ടർ എം.ജെ. അരുണും സീനിയർ സിവിൽ പോലീസ് ഓഫീസർ അശോക്‌കുമാർ, സി.പി.ഒ. രഞ്ജിത്, രാമചന്ദ്രൻ എന്നിവരടങ്ങുന്ന സംഘം കർണാടകത്തിൽ തങ്ങി പ്രതിയെ പിന്തുടർന്ന് പിടികൂടിയത്.
തട്ടിപ്പിനുപയോഗിച്ച സിംകാർഡുകളും മൊബൈൽഫോണുകളും കണ്ടെടുത്തു. സംഘത്തിലെ മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. സിക്കന്ദറിനെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ്‌ജയിലിലേക്ക് റിമാൻഡ്ചെയ്തു.