ലോട്ടറി ചൂതാട്ടസംഘത്തിന് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കി നൽകി : സോഫ്റ്റ്‌വേർ എൻജിനീയർ അറസ്റ്റിൽ
1 min read

തിരൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലോട്ടറി ചൂതാട്ടസംഘത്തിന് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കി നൽകിയ എൻജിനിയറിങ് ബിരുദധാരിയായ യുവാവ് പിടിയിൽ.
പള്ളിക്കൽബസാർ സ്വദേശിയായ ആലിശ്ശേരിപ്പുറായ് ഷഹൽ (25) നെയാണ് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളിലായി ലോട്ടറിക്കേസിൽ പോലീസ് അറസ്റ്റുചെയ്ത രണ്ടുപ്രതികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷഹലിനെ പിടികൂടിയത്.
സംഘത്തിലെ പ്രധാനിയായ തിരൂർ കണ്ണംകുളം സ്വദേശി കുണ്ടനി അഹമ്മദ് ഷാഫിയെയാണ് (36) കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തത്.
അഹമ്മദ്ഷാഫിയിൽനിന്ന് ഒരുലക്ഷം രൂപ പ്രതിഫലംവാങ്ങി ഒറ്റനമ്പർ ലോട്ടറി സോഫ്റ്റ്‌വേർ ആപ്ലിക്കേഷനുകൾ നിർമ്മിച്ചുനൽകിയത് ഷഹലാണ്. മാസംതോറും അപ്ഡേഷൻ ചാർജ്ജായി 50,000 രൂപ വീതം ഷാഫി കൈപ്പറ്റിയതായും പോലീസ് പറഞ്ഞു.
ആമസോൺ കമ്പനിക്ക് സെർവർ ഉപയോഗത്തിനായി രണ്ടുമാസം കൂടുമ്പോൾ 80,000 രൂപ വീതം വാടകയിനത്തിൽ സംഘം നൽകിവരാറുള്ളതായും കണ്ടെത്തി.
മാസംതോറും കോടിക്കണക്കിന് രൂപയാണ് പ്രതികൾക്ക് ലഭിച്ചിരുന്നതെന്നും ആപ്ലിക്കേഷനുകളിൽ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വിദേശത്ത് ജോലിയുള്ള പിടിയിലായ ഷാഫിയേയും ഗഫൂറിനെയും കേന്ദ്രീകരിച്ച് കേരളത്തിലുടനീളമുള്ള ഏജൻറുമാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതികൾ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായും പോലീസ് പറഞ്ഞു.ഷാഫിക്ക് 1,300-ഓളം ഏജന്റുമാർ പ്രവർത്തിച്ചതായാണ് വിവരം. തൃപ്രങ്ങോട് കുരിക്കൾപ്പടി സ്വദേശി നാലകത്ത് അബ്ദുൾ ഗഫൂർ (42)നെ വാട്ട്സാപ്പും മറ്റു മൊബൈൽ ആപ്ലിക്കേഷനും വഴി ലോട്ടറി ചൂതാട്ടം നടത്തിയതിന് കഴിഞ്ഞ ദിവസം തിരൂർ പോലീസ് പിടികൂടിയിരുന്നു.
തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ പ്രത്യേക കോഴ്സ് ചെയ്യുന്നതിനായി എത്തിയതായിരുന്നു ഷഹൽ. കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയാണ് ഷഹൽ സോഫ്റ്റ്‌വേർ നിർമ്മാണം തുടങ്ങിയത്.
മുഹമ്മദ് ഷാഫി ഷഹലിന്റെ സഹപാഠിവഴിയാണ് ഷഹലുമായി ബന്ധം സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 15, 16, 17, 18 തീയതികളിൽ മാത്രം അഹമ്മദ് ഷാഫി 50 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തിയതായി പോലീസ് സോഫ്റ്റ്‌വേർ പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ട്.
ഫാൻസിനമ്പർ വരുമ്പോൾ ഉപഭോക്താവിനെ റിസൽട്ടിന്റെ എണ്ണം സോഫ്റ്റ്‌വേറിൽ വ്യത്യാസംവരുത്തി വഞ്ചിച്ചുവന്നതായും പോലീസ് പറഞ്ഞു.
തിരൂർ സി.ഐ. എം.ജെ. ജിജോ, എസ്.ഐ.മാരായ വി. ജിഷിൽ, സജേഷ് സി. ജോസ്, എ.എസ്.ഐ. പ്രമോദ് ജയപ്രകാശ്, സീനിയർ സി.പി.ഒ.മാരായ രാജേഷ്, ഷിജിത്ത്, സി.പി.ഒ.മാരായ ഉണ്ണിക്കുട്ടൻ, ദിൽജിത്ത് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.