കുഴിമന്തിയും അൽഫാമും കഴിച്ച 70 ലേറെ പേർക്ക് ഭക്ഷ്യവിഷബാധ: ഹോട്ടൽ പൂട്ടി സീൽ ചെയ്തു


കുഴിമന്തി, അൽഫാം, ഷവായ് എന്നിവ കഴിച്ച എഴുപതിലേറെ പേർക്ക് ഭക്ഷ്യവിഷബാധ. വടക്കൻ പറവൂർ ടൗണിൽ ദേശീയപാത 66-നോടു ചേർന്നുള്ള മജ്‌ലിസ് ഹോട്ടലിൽ തിങ്കളാഴ്ച വൈകീട്ട് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
കഠിനമായ വയറുവേദന, വയറിളക്കം, ഛർദി, പനി, വിറയൽ എന്നിവയാണ് അനുഭവപ്പെട്ടത്.
കുഴിമന്തിയിലെ ചോറ് മാത്രം കഴിച്ചവർക്ക് കുഴപ്പങ്ങളില്ല. ഹോട്ടൽ നഗരസഭ ആരോഗ്യ വിഭാഗമെത്തി പൂട്ടി സീൽ ചെയ്തു. ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. മന്ത്രിയുടെ നിർദേശ പ്രകാരം ഭക്ഷ്യസുരക്ഷാ കമ്മിഷണർ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ചികിത്സയിൽ കഴിയുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമകൾക്കെതിരേ പോലീസ് കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് കേസ് എടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. മുഖ്യ പാചകക്കാരനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
രണ്ടുപേരെ കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പറവൂർ താലൂക്ക് ആശുപത്രിയിൽ 32 പേരാണ് ചികിത്സ തേടിയെത്തിയത്.
ഡോൺബോസ്കോ ആശുപത്രിയിൽ 17 പേരും കെ.എം.കെ. ആശുപത്രിയിൽ മൂന്നു പേരും ചികിത്സ തേടി. വൈപ്പിനിലെ സ്വകാര്യ ആശുപത്രിയിൽ മൂന്നു പേരും മാളയിലെ വിവിധ ആശുപത്രികളിൽ ആറു പേരും ചികിത്സ തേടിയെത്തി.
കൊച്ചിയിൽനിന്ന് കാറിൽ കോഴിക്കോട്ടേക്കു പോയ നാലുപേരും ആശുപത്രിയിൽ ചികിത്സ തേടി. പറവൂർ തത്തപ്പിള്ളി ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് ഉത്സവമേളത്തിനു പോയ ആറുപേരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.