യാത്രയ്ക്കിടെ ലോറി ഡ്രൈവർക്ക് നെഞ്ചുവേദന: യുവാക്കൾ രക്ഷകരായി.


തൃശ്ശൂർ ജെറുസലേം സ്വദേശിയായ ഡ്രൈവർ കൊച്ചൻവീട്ടിൽ വിനു (37) വിനാണ് കുന്നംകുളത്ത് നിന്ന് മിനിലോറിയിൽ റെക്സിൻ ഷീറ്റുമായി താമരശ്ശേരിയിലേക്ക് പോകുംവഴി കക്കാട് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടത്.
തുടർന്ന് കക്കാട് സ്വദേശിയായ വട്ടപറമ്പൻ അബ്ദുൽ റഷീദിനോട് ആശുപത്രിലേക്കുള്ള വഴി ചോദിക്കുകയും, വാഹനം ഓടിക്കാനുള്ള പ്രയാസവും മുമ്പ് ഹൃദയാഘാതം ഉണ്ടായിരുന്നതായും ഡ്രൈവർ അറിയിക്കുകയായിരുന്നു.
ഉടനെ അബ്ദുൽറഷീദ് കക്കാട് ട്രോമാകെയർ പ്രവർത്തകനായ ഫൈസൽ താണിക്കലിനെ വിളിക്കുകയും ഇരുവരും ചേർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.
സംഭവം സോഷ്യൽ മീഡിയ വഴി വിവരമറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി. മാരായ പി.ഐ. മുഹമ്മദ് ലബീബ്, അഭിൻ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തി അബ്ദുൽ റഷീദിനെയും ഫെസൽ താണിക്കലിനെയും അഭിനന്ദിച്ചു. .
ഡ്രൈവറുടെ ജീവൻ രക്ഷിക്കുന്നതിനോടൊപ്പം ലോറി ഡ്രൈവറെ വാഹനമോടിക്കാൻ അനുവദിക്കാതെ ആശുപത്രിയിൽ എത്തിക്കുകവഴി നിരത്തിലെ മറ്റു വാഹനങ്ങൾക്ക് കൂടി സുരക്ഷ ഒരുക്കിയ ഇവരുടെ പ്രവർത്തനം മാതൃകാപരമാണെന്ന് എൻഫോഴ്സ്മെൻറ് കൺട്രോൾ റൂം എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു.