പഞ്ചായത്ത് ബില്ലടയ്ക്കാൻ പണം നൽകിയില്ല സർക്കാർ സ്കൂളിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി.


ഒതുക്കുങ്ങൽ: ബില്ലടയ്ക്കാതെ കുടിശ്ശിക വന്നതോടെ കെ.എസ്.ഇ.ബി. അധികൃതർ സർക്കാർ സ്കൂളിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പറപ്പൂർ പഞ്ചായത്തിലെ മുണ്ടോത്തുപറമ്പ് ജി.യു.പി. സ്കൂളിന്റെ ഫ്യൂസാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ ബുധനാഴ്ച രാവിലെ ഊരിയത്. ബില്ലടയ്ക്കാനുള്ള പണം പഞ്ചായത്ത് നൽകിയില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
വിഷയം വിദ്യാഭ്യാസമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി ഇടപെടൽ വന്നതോടെ പഞ്ചായത്തധികൃതർ ബില്ലടച്ച് തടിയൂരി. ബിൽ തുക ലഭിച്ചതോടെ ഉച്ചയോടെ കെ.എസ്.ഇ.ബി. അധികൃതരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.
വൈദ്യുതി ഇല്ലാതായതോടെ വെള്ളവും വെളിച്ചവുമില്ലാതെ കുട്ടികളും ദുരിതത്തിലായി. പ്രദേശത്തെ ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ നേതൃത്വത്തിൽ ടാങ്കറിൽ സ്കൂളിൽ വെള്ളമെത്തിച്ചു നൽകിയാണ് താത്കാലികപരിഹാരം കണ്ടത്. പറപ്പൂർ പഞ്ചായത്ത് അധികൃതരുടെ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്നാണ് പി.ടി.എ. ഭാരവാഹികൾ ആരോപിക്കുന്നത്. സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം വർഷങ്ങളായി സ്കൂൾ പി.ടി.എ.യും പഞ്ചായത്തും തമ്മിലുണ്ടായിരുന്നു.
മാസങ്ങൾക്കുമുമ്പ് സ്കൂൾ അധികൃതരറിയാതെ അങ്കണവാടി പ്രവർത്തിക്കുന്ന മുറിയിൽ ഗ്രാമസഭ വിളിച്ചുചേർത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പോലീസെത്തിയാണ് അന്ന് പ്രശ്നം പരിഹരിച്ചത്. സ്വസ്ഥമായി പഠിക്കാൻ വേണ്ട സാഹചര്യമൊരുക്കണ മെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ജില്ലാകളക്ടർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായില്ല.
സ്കൂളിന്റെ ഫ്യൂസ് ഊരിയ വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ പി.ടി.എ. അംഗങ്ങളും നാട്ടുകാരും ഡി.വൈ.എഫ്.ഐ, സി.പി.എം. പ്രവർത്തകരും പഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ സംസ്ഥാന ബാലാവകാശകമ്മിഷൻ സ്വമേധയാ കേസെടുത്തു.
ബില്ലുകൾ കൃത്യമായി പഞ്ചായത്തിൽ നൽകാറുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. കഴിഞ്ഞമാസത്തെ ബിൽ തുകയായി 3217 രൂപയാണ് അടയ്ക്കാനുള്ളത്. സ്കൂളിന്റെ പക്കൽ പണമില്ലാത്തതിനാൽ നേരത്തെ ബില്ലടച്ച വകയിൽ 17,000 രൂപയോളം ലഭിക്കാനുണ്ട്.
നിരവധിതവണ വിഷയം പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. ബില്ലടച്ചില്ലെങ്കിൽ വൈദ്യുതി വിേച്ഛദിക്കുമെന്ന് കെ.എസ്.ഇ.ബിയിൽ നിന്ന് അറിയിച്ച വിവരം സ്കൂൾ അധികൃതർ സെക്രട്ടറിയെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു.