NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം മഞ്ചേരിയിൽ 11 കാരിയെ പീഡിപ്പിച്ച 38 കാരന് 80 വർഷം തടവും 3 ലക്ഷം രൂപ പിഴയും

മലപ്പുറം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 80 വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി താണിപ്പാറ കതകഞ്ചേരി നൗഫൽ എന്ന മുന്നയെയാണ് (38) മഞ്ചേരി പോക്സോ കോടതി ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്. 2021-ൽ നൗഫൽ പെൺകുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലൈംഗികാതിക്രമത്തിനിടെ പരിക്കേൽപ്പിച്ചതിന് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടിയെ പീഡിപ്പിച്ചതിന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം കഠിന തടവും 25,000 രൂപ പിഴയും, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് 10 വർഷം കഠിനതടവും 25,000 രൂപ പിഴയും കൂടി വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടച്ചാൽ മുഴുവൻ തുകയും കുട്ടിക്ക് നൽകണം. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുഖേന നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

മഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.പി. അഭിലാഷ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ സി. അലവിയാണ് കുറ്റപത്രം സമർപ്പിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചുതന്നെ വിചാരണ ചെയ്യണമെന്ന മഞ്ചേരി പോലീസിന്റെ അപേക്ഷ പരിഗണിച്ചതോടെയാണ് കേസ് വേഗത്തിൽ തീർപ്പാക്കാനായത്. അറസ്റ്റിലായ അന്നുമുതൽ ഇയാൾ റിമാൻഡിലാണ്.

Leave a Reply

Your email address will not be published. Required fields are marked *