മലപ്പുറത്ത് ക്രിസ്മസ് കാരള്‍ സംഘത്തിന് നേരെ ആക്രമണം; അഞ്ചു കുട്ടികൾ ആശുപത്രിയിൽ


മലപ്പുറം: ചങ്ങരംകുളം പെരുമുക്കില്‍ കരോള്‍ സംഘത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം.ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കരോളുമായി ഇറങ്ങിയ 25ഓളം വരുന്ന കുട്ടികള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. അക്രമത്തില്‍ പരിക്കേറ്റ അഞ്ചോളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മര്‍ദനമേറ്റ പെരുമുക്ക് സ്വദേശികളായ തണ്ടലായില്‍ കിഷോറിന്റെ മക്കളായ ജഗത്ത്(15)നീരജ്(13)അധികാരിവീട്ടില്‍ ശ്രീകുമാര്‍ മകന്‍ സിദ്ധാര്‍ത്ഥ്(17) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും. ആനക്കപ്പറമ്പില്‍ നിഷയുടെ മകന്‍ കണ്ണന്‍(13)നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രദേശത്തെ മദ്യപസംഘങ്ങളാണ് പ്രകോപനമില്ലാതെ കുട്ടികളെ പട്ടികയും വടിയും ഉപയോഗിച്ച് അടിച്ച് ഓടിച്ചത്.കുട്ടികള്‍ വാടകക്ക് എടുത്ത വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചിട്ടുണ്ട്.നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.