സ്റ്റാർ ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാതെ മുങ്ങും; 200 കേസുകളിലെ പ്രതി പിടിയിൽ


കൊല്ലം: പഞ്ചനക്ഷത്ര ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ മുങ്ങുന്ന 63കാരൻ പിടിയിലായി. തമിഴ്‌നാട് സ്വദേശി വിന്‍സെന്റ് ജോണ്‍ (63) എന്നയാളെയാണ് കൊല്ലത്തുനിന്ന് തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് പിടികൂടിയത്. നക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിക്കുകയും അവിടെനിന്ന് ഭക്ഷണം കഴിച്ചിട്ട് കാശ് നൽകാതെ മുങ്ങുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. ഹോട്ടലിലെ താമസിക്കുന്നതിനിടെ അവിടെനിന്ന് മോഷണവും നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം സ്റ്റാച്യുവിലുള്ള സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസിലാണ് ഇയാൾ കുടുങ്ങിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് മോശഷ്ടാവ് വിൻസന്‍റ് ജോൺ ആണെന്ന് തിരിച്ചറിഞ്ഞത്. ഹോട്ടലിൽ മുറിയെടുത്തപ്പോൾ നൽകിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കൊല്ലം റെയില്‍വേ സ്‌റ്റേഷനിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ സഹായത്തോടെ വിൻസന്‍റ് ജോണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് എത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നിന്നും മോഷ്ടിച്ച ലാപ്‌ടോപ് ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തെത്തി, അവിടെനിന്ന് തെങ്കാശി വഴി ചെന്നൈയിലേക്ക് പോകുന്ന ട്രെയിനിൽ തമിഴ്നാട്ടിലേക്ക് കടക്കാനാണ് ഇയാൾ പദ്ധതിയിട്ടിരുന്നത്.
ഇംഗ്ലീഷിൽ നന്നായി സംസാരിക്കുന്ന വിന്‍സെന്റ് ജോണ്‍ വ്യവസായി ആണെന്ന് പരിചയപ്പെടുത്തി ജീവനക്കാരുമായി സൗഹൃദത്തിലാകും. തുടര്‍ന്ന് മുന്തിയ ഭക്ഷണവും മദ്യം അടക്കമുള്ള സൗകര്യങ്ങളുമായി ഹോട്ടലിൽ താമസം തുടങ്ങും. ഇതിനിടെ ഹോട്ടലിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്യും. പുറത്തുപോകുന്നുവെന്ന വ്യാജേന ഹോട്ടലിൽനിന്ന് മുങ്ങുകയും ചെയ്യും.
ഇതിനോടകം 11 കള്ളപ്പേരുകളിലാണ് ഇയാൾ ഹോട്ടലുകളിൽ മുറിയെടുത്തിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 200 ഓളം കേസുകളാണ് വിൻസന്‍റിന്‍റെ പേരിലുണ്ട്. 2018 ല്‍ കൊല്ലത്തെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലില്‍ മോഷണം നടത്തിയതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. മുംബൈയിലാണ് വിന്‍സെന്റ് ജോണിനെതിരെ ഏറ്റവും കൂടുതല്‍ കേസുകളുള്ളതെന്ന് പൊലീസ് പറയുന്നു.