പത്തൊമ്പതുകാരി ജീവനൊടുക്കിയ സംഭവത്തിൽ ഉമ്മയുടെ പിതാവ് പോക്സോ കേസിൽ അറസ്റ്റിൽ


കോഴിക്കോട്: പത്തൊമ്പതുകാരി കുറിപ്പെഴുതിവെച്ചശേഷം ജീവനൊടുക്കിയ സംഭവത്തിൽ ഉമ്മയുടെ പിതാവിനെ പൊലീസ് അറസ്റ്റഅ ചെയ്തു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി കാപ്പാട് സ്വദേശിയായ 62കാരനെയാണ് പൊലിസ് അറസ്റ്റ് ചെയ്തു.
പള്ളിക്കുനി സ്വദേശിനിയായ 19കാരിയെ ഇക്കഴിഞ്ഞ 17ാം തീയതി ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൂടാടി മലബാർ കോളജ് ഡിഗ്രി വിദ്യാർഥിനിയായിരുന്നു.
ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് ഇപ്പോൾ അറസ്റ്റിലായ 62കാരൻ മകളുടെ മകളെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. പെൺകുട്ടിയുടെ കുറിപ്പ് പൊലീസിന് ലഭിച്ചതാണ് കേസന്വേഷണത്തിൽ നിർണായകമായത്.
പെൺകുട്ടിയുടെ മാതാവിനെ കൂടി ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ പോക്സോ, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.