സ്‌കൂള്‍ യൂണിഫോം ധരിച്ചിട്ടില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണം; നിഷേധിച്ചാല്‍ ബസുകള്‍ക്കെതിരെ നടപടിയെന്ന് സര്‍ക്കാര്‍


യൂണിഫോം ധരിച്ചിട്ടില്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്വകാര്യ ബസുകളില്‍ അര്‍ഹമായ കണ്‍സഷന്‍ ടിക്കറ്റ് നല്‍കണമെന്ന് ഉത്തരവ്. കണ്‍സഷന്‍ ലഭ്യമാക്കാത്ത ബസുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ റിലീസില്‍ വ്യക്തമാക്കി.
നേരത്തെ, യൂണിഫോം ധരിച്ചില്ലെങ്കിലും തിരിച്ചറിയല്‍കാര്‍ഡ് കൈവശമുള്ള വിദ്യാര്‍ഥികള്‍ക്കെല്ലാം സ്വകാര്യബസുകളില്‍ സൗജന്യനിരക്കില്‍ യാത്ര ചെയ്യാമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഗതാഗതകമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടിമാലി എസ്.എന്‍.ഡി.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ രാഹുല്‍ ഗിരീഷും അനഘ സജിയും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കമ്മിഷന്‍ അംഗം റെനി ആന്റണിയുടെ ഉത്തരവ്. ഏപ്രില്‍ 23-ന് പരീക്ഷ കഴിഞ്ഞുമടങ്ങിയ വിദ്യാര്‍ഥികള്‍ക്ക്, അടിമാലി-നെടുങ്കണ്ടം റൂട്ടിലോടുന്ന സെന്റ് മേരീസ് ബസിലെ കണ്ടക്ടര്‍ കണ്‍സെഷന്‍ നിഷേധിച്ചു. അവര്‍ യൂണിഫോം ധരിച്ചിട്ടില്ലെന്നാണ് കാരണം പറഞ്ഞത്.
വിദ്യാര്‍ഥികള്‍ കമ്മിഷന് നല്കിയ പരാതിയെത്തുടര്‍ന്ന് ബസ് ഉടമയെയും കണ്ടക്ടറെയും ഇടുക്കി ആര്‍.ടി.ഒ. ഓഫീസില്‍ വിളിച്ചുവരുത്തി തെളിവെടുത്തു. കണ്ടക്ടറുടെ ലൈസന്‍സ് 2021 നവംബര്‍ 28-ന് അവസാനിച്ചതായി പരിശോധനയില്‍ കണ്ടെത്തി. ഇവരെ താക്കീതു ചെയ്തതിനുപുറമേ 2000 രൂപ പിഴയുമീടാക്കിയെന്ന് ബാലാവകാശകമ്മിഷനെ ഗതാഗതകമ്മിഷണര്‍ അറിയിച്ചു. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ബസ് ജീവനക്കാര്‍ ഉറപ്പുനല്കുകയും ചെയ്തിരുന്നു.