NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിലമ്പൂർ ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിക്ക് മുമ്പില്‍ ലൈംഗികാവയവം പ്രദർശിപ്പിച്ച യുവാവ് പിടിയില്‍

നിലമ്പൂര്‍ ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വച്ച് യാത്രക്കാരിയായ യുവതിയുടെ മുമ്പിൽ ലൈംഗികാവയവം പ്രദർശിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.   വണ്ടൂർ വെളളാമ്പുറം സ്വദേശി പിലാക്കാടൻ ഷിഹാബുദ്ദീൻ എന്ന ഷിബു, (34 ) ആണ് പിടിയിലായത്. ഇയാളെ വണ്ടൂർ പോലീസ് ഇൻസ്പെക്ടർ ഇ.ഗോപകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് പിടികൂടിയത്.

ഈ മാസം 17 നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത് . എറണാംകുളത്ത് ജോലി ചെയ്യുന്ന യുവതി ഷൊർണൂർ നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ വാണിയമ്പലത്തുള്ള ബന്ധുവിൻ്റെ വീട്ടിലേക്ക് വരികയായിരുന്നു. രാത്രി 9.20 മണിയോടെ ട്രെയിൻ തൊടികപ്പുലം സ്റ്റേഷൻ കഴിഞ്ഞപ്പോൾ കമ്പാർട്മെൻറിൽ തനിച്ചായ യുവതിയുടെ എതിർവശത്തിരുന്ന പ്രതി അശ്ലീല ചുവയോടെ സംസാരിക്കുകയും, പിന്നീട് ലൈംഗികാവയവം പ്രദർശിപ്പിക്കുകയുമായിരുന്നു. പ്രതിയുടെ ദൃശ്യങ്ങൾ പകർത്തിയ യുവതി വാണിയമ്പലത്തെത്തിയപ്പോൾ ബന്ധുക്കളുടെ സഹായത്തോടെ പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

പിന്നീട് അടുത്ത ദിവസം വീഡിയോ ദൃശ്യം സഹിതം വണ്ടൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.  തുടർന്ന് കേസ്സ് രജിസ്റ്റർ ചെയ്ത പോലീസ് ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈഎസ്പി സാജു.കെ.അബ്രഹാമിൻ്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. ട്രെയിനിലെ സ്ഥിരം യാത്രക്കാരോടും, ഓട്ടോറിക്ഷാ ഡ്രൈവർമാരോടും മറ്റും ചോദിച്ചും, പ്രതിയുടെ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചും നടത്തിയ അന്വേഷണത്തിൽ മെഡിക്കൽ റെപ്പായി ജോലി ചെയ്യുന്ന പ്രതിയെ കുറിച്ച് സൂചന ലഭിച്ചു.

തുടർന്ന് ഇന്ന് രാവിലെ പ്രതി നടുവത്ത് നിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ തുടർനടപടികൾക്കായി റെയിൽവേ പോലീസിനു കൈമാറി.  പ്രത്യേക അന്വേഷണ സംഘത്തിലെ സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി. കെ.ടി, നിബിൻദാസ് .ടി, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *