ഡ്രൈവർക്ക് തലചുറ്റി ; കോളേജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ജീവനക്കാരി മരിച്ചു


തൃശ്ശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ നിയന്ത്രണംവിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ഹോട്ടൽ ജീവനക്കാരി മരിച്ചു. മാങ്ങാട് സ്വദേശി സരളയാണ് മരിച്ചത്. അപകടത്തിൽ ആറ് വിദ്യാർഥികൾക്ക് നിസ്സാരപരിക്കേറ്റു. മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ് ആണ് ബുധനാഴ്ച രാവിലെ 8.45-ഓടെ കുണ്ടന്നൂർ ചുങ്കത്ത് അപകടത്തിൽപ്പെട്ടത്.
വിദ്യാർഥികളുമായി കോളേജിലേക്ക് പോകുന്നതിനിടെ നിയന്ത്രണംവിട്ട ബസ് റോഡരികിലെ ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവർക്ക് തലചുറ്റലുണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.
അപകടത്തിൽ ഹോട്ടൽ ജീവനക്കാരിയായ സരളയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അമൽ, ജസ്ലിൻ, ദിവ്യ, ജൂണ, കൃഷ്ണ, അമൽ എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികൾ.