ആൾമാറാട്ടം നടത്തി പണം തട്ടിപ്പ്: താനൂർ സ്വദേശി അറസ്റ്റിൽ


താനൂര്‍: ആള്‍മാറാട്ടം നടത്തി നിരവധി കേന്ദ്രങ്ങളില്‍ നിന്ന് പണം തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. താനൂര്‍ ഒസാന്‍ കടപ്പുറം സ്വദേശി മൊയ്തീന്‍കാനകത്ത് മുഹമ്മദ് റാഫി (24) യെയാണ് താനൂര്‍ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ ആര്‍.ഡി കൃഷ്ണലാല്‍, ഷൈലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.
പോലീസ് വളണ്ടിയര്‍, പോലീസ് സ്‌ക്വാഡ് അംഗം, ട്രോമാ കെയര്‍ അംഗം എന്നിവ ചമഞ്ഞു മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പലരില്‍ നിന്നും കടകളില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തി വരികയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം ചെനക്കലങ്ങാടി സ്വദേശിയായ മുഹമ്മദ് മുസാഫിറിന്റെ ഓട്ടോറിക്ഷ പോലീസ് വളണ്ടിയറാണെന്നു പറഞ്ഞു വിളിച്ചുകൊണ്ടുപോയി മലപ്പുറം, ഫറോക്ക് എന്നിവിടങ്ങളില്‍ കറങ്ങി തിരിച്ചെത്തി പണം നല്‍കാതെ കബളിപ്പിച്ച പരാതിയിലാണ് താനൂര്‍ പോലീസ്ഇയാളെ പിടികൂടിയത്.
ചോദ്യം ചെയ്യലിൽ നിരവധി തട്ടിപ്പുകള്‍ പുറത്തായി. തിരൂരിലെ ഒരു കടയില്‍ ഹാന്‍സ് വില്‍ക്കുന്നതറിഞ്ഞു പോലീസ് സക്വാഡ് ചമഞ്ഞ് ഭീഷണിപ്പെടുത്തി ഇയാള്‍ പണം വാങ്ങിയതിനു കേസെടുത്തിട്ടുണ്ട്. യുവാവിനെതിരേ അരീക്കോട്, താനൂര്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്് ചെയ്തു.