NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ വൻ കഞ്ചാവ് വേട്ട; 11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

പരപ്പനങ്ങാടി: എക്സൈസ് തീരദേശ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കെട്ടുങ്ങൽ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവുമായി താനൂർ എടക്കടപ്പുറം സ്വദേശിയായ യുവാവ് പിടിയിലായി.

താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിൻ്റ പുരക്കൽ വീട്ടിൽ സഹൽ എന്ന അജേഷ് (25) നെയാണ് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖും സംഘവും അറസ്റ്റ് ചെയ്തത്.

തീരദേശ ഭാഗങ്ങളിലെ മത്സ്യതൊഴിലാളികൾക്കിടയിലും വിദ്യാർഥികൾക്കിടയിലും ലഹരിഉപയോഗം വ്യാപകമാകുന്നതായുള്ള രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈ ഭാഗങ്ങളിൽ കഞ്ചാവെത്തിക്കുന്നവരെക്കുറിച്ചും ചിറമംഗലം, കെട്ടുങ്ങൽ ഭാഗങ്ങളിലെ കഞ്ചാവ് ചില്ലറ വിൽപനക്കാരെക്കുറിച്ചും കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നു.

കഴിഞ്ഞ ദിവസം ചിറമംഗലത്ത് വെച്ച് ചില്ലറ വിൽപനക്കിടെ നെടുവ തിരിച്ചിലങ്ങാടി സ്വദേശി റഷീദിനെ 50 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു.

തീരദേശ ഭാഗത്തുള്ള കൂടുതൽ ലഹരി വിതരണക്കാരെക്കുറിച്ച് വിവരം ലഭിച്ചതായും വരും ദിവസങ്ങളിൽ അന്വേഷണം ഊർജിതമാക്കുമെന്നും എക്സൈസ് അറിയിച്ചു.

റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ, പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, സാഗിഷ്, പ്രദീപ് എ പി, നിതിൻ ചോമാരി, അനിൽ, വനിത ഓഫീസർമാരായ സിന്ധു, ഐശ്വര്യ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.