NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചൂഷണം ചെയ്തു, കബളിപ്പിച്ചു; ബൈജൂസിനെതിരെ കുട്ടികളുടെയും മാതാപിതാക്കളുടെയും പരാതി; നടപടികളുമായി ദേശീയ ബാലാവകാശ കമ്മീഷന്‍

വിദ്യാഭ്യാസ ആപ്പായ ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ സമന്‍സ്.
മാതാപിതാക്കളെയും കുട്ടികളെയും കോഴ്‌സുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിലാണ് നടപടി. അടുത്ത ആഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം. ഉപഭോക്തക്കളുടെ സമ്പാദ്യവും ഭാവിയും അപകടത്തിലാക്കിയെന്നും തങ്ങളെ ചൂഷണം ചെയ്യുകയും കബളിപ്പിക്കുകയും ചെയ്തുവെന്നും ആരോപിച്ച് നിരവധി പരാതികള്‍ ബൈജൂസിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

2005ലെ ബാലാവകാശ സംരക്ഷണ നിയമത്തിലെ13, 14 വകുപ്പുകള്‍ പ്രകാരം മാതാപിതാക്കളെയോ കുട്ടികളെയോ വായ്പാ അടിസ്ഥാനത്തിലുള്ള കരാറുകളില്‍ പങ്കാളികളാക്കുന്നതിനും തുടര്‍ന്ന് ചൂഷണം ചെയ്യുന്നതിനുമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും കുട്ടികളുടെ ക്ഷേമത്തിന് വിരുദ്ധമാണെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികള്‍ക്കായി ബൈജൂസ് നടത്തുന്ന എല്ലാ കോഴ്‌സുകളുടെയും വിശദാംശങ്ങള്‍, ഈ കോഴ്‌സുകളുടെ ഘടന, ഫീസ് വിശദാംശങ്ങള്‍, നിലവില്‍ ഓരോ കോഴ്‌സിലും ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം, റീഫണ്ട് നയം എന്നിവ സഹിതം ബൈജു രവീന്ദ്രന്‍ നേരിട്ട് ഹാജരാകാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന ബൈജൂസിന് പുതിയ പ്രതിസന്ധിയാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ സമന്‍സ് സൃഷ്ടിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാനാവാതെ അടുത്തിടെ ബിസിസിഐയുമായുള്ള ജേഴ്സി സ്പോണസര്‍ഷിപ്പില്‍ നിന്നും ബൈജൂസ് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. കരാറില്‍ നിന്നും പിന്മാറുന്നതായി ബൈജൂസ് ഔദ്യോഗികമായി അറിയിച്ചുവെന്ന് ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. കരാറില്‍ നിന്നും വ്യവസ്ഥകള്‍ പാലിച്ച് ബൈജൂസിന് പിന്‍മാറാമെന്ന് കമ്പനിയെ ബിസിസിഐ അറിയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം അവസാനം വരെയാണ് ബൈജൂസും ബിസിസിഐയും തമ്മിലുള്ള കരാര്‍. 55 മില്യണ്‍ ഡോളറിന്റേതാണ് കരാര്‍. ഇതില്‍ നിന്നും 2023 മാര്‍ച്ചോടെ പിന്‍വാങ്ങാനാണ് കമ്പനി ഒരുങ്ങുന്നത്.

ബിസിസിഐയുമായി കരാറുള്ള ഒപ്പോയേക്കാള്‍ 10 ശതമാനം അധികം തുക ബൈജൂസ് നല്‍കുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസിന്റെ നഷ്ടം 4588 കോടിയായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ചെലവുകള്‍ പരമാവധി കുറക്കുമെന്ന് ബൈജൂസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍.

ഈ സാമ്പത്തിക വര്‍ഷാവസാനമായ 2023 മാര്‍ച്ചോടെ 2500 ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് കമ്പനി ലാഭത്തിലാക്കാന്‍ ബൈജൂസ് ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകളെക്കാള്‍ കൂടുതലുള്ള പിരിച്ചുവിടല്‍ ഉടന്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആറു മാസത്തിനിടെ 2500 ജീവനക്കാരെ തൊഴില്‍ ശേഷിയില്‍നിന്ന് കുറയ്ക്കുമെന്നാണ് കമ്പനി സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥും ചീഫ് ഓപറേറ്റിങ് ഓഫീസര്‍ മൃണാല്‍ മോഹിതും പ്രത്യേകം വാര്‍ത്താ സമ്മേളനങ്ങളില്‍ നേരത്തെ അറിയിച്ചിരുന്നത്. ലാഭസാധ്യതാ ഘടകം പരിഗണിച്ചാണ് പിരിച്ചുവിടല്‍ എന്നായിരുന്നു വിശദീകരണം. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് പരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. കേരളത്തില്‍ 170ലേറെ ജീവനക്കാര്‍ക്കാണ് നോട്ടീസ് കിട്ടിയത്.

2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയില്‍നിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ആ വര്‍ഷത്തെ ലാഭമോ നഷ്ടമോ കമ്പനി പുറത്തുവിട്ടിട്ടില്ല.

‘2023 മാര്‍ച്ചോടെ കമ്പനിയെ ലാഭത്തിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ബ്രാന്റ് നാമം നല്ല രീതിയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാര്‍ക്കിറ്റിംഗ് ബജറ്റ് കുറെക്കൂടി കാര്യക്ഷമമാക്കും. ഇനി ആഗോളസാന്നിധ്യം വികസിപ്പിക്കാന്‍ ഫണ്ട് ചെലവഴിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് വ്യക്തമാക്കി.

2021 മാര്‍ച്ചില്‍ 4588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസ് പ്രഖ്യാപിച്ചത്. ഇത് 2020ലെ നഷ്ടത്തേക്കാള്‍ 19 മടങ്ങ് അധികമാണ്. 2022 മാര്‍ച്ച് 31ന് കമ്പനിയുടെ വരുമാനം നാലിരട്ടി വര്‍ധിച്ച് 10,000 കോടിയിലെത്തിയെന്ന് പ്രഖ്യാപിച്ചെങ്കിലും ലാഭനഷ്ടക്കണക്ക് അവതരിപ്പിച്ചിരുന്നില്ല. ഏകദേശം 50000 ജീവനക്കാരാണ് ബൈജൂസില്‍ ഉള്ളത്.

Leave a Reply

Your email address will not be published.