മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് മുറിക്കുള്ളിൽ തീപിടിച്ചു; പുറത്തായതിനാൽ വീട്ടുകാർ രക്ഷപ്പെട്ടു


മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.കണ്ണൂർ കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആറാം മൈലിലെ എം.എ. മൻസിലിൽ മശൂദിന്റെ വീട്ടിലാണ് സംഭവം. സംഭവത്തിൽ ആളപായമില്ല. ചാർജർ പൊട്ടിത്തെറിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലാത്തത് വലിയ ദുരന്തം ഒഴുവാക്കി.
കഴിഞ്ഞ ദിവസം വൈകുന്നേരം മശൂദിന്റെ ബന്ധു പള്ളിയിൽ പോയി തിരിച്ച് വരുമ്പോഴാണ് വീടിന്റെ മുകളിലെ മുറിയിൽ നിന്നും പുക ഉയരുന്നത് കണ്ടത്. ഇയാൾ ഉടൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
വീട്ടുകാരും നാട്ടുകാരും പെട്ടെന്നു തന്നെ സ്ഥലത്തെത്തിയെങ്കിലും ചൂടുകാരണം മുറിയിൽ പ്രവേശിക്കാൻ സാധിച്ചില്ല. കൂത്തുപറമ്പിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. മുറിയിലെ ഫർണ്ണിച്ചറുകൾ മുഴുവനായും കത്തിനശിച്ചു. മുറിക്ക് സമീപത്തെ തെങ്ങിന്റെ ഓലകളും കരിഞ്ഞ നിലയിലാണ്.
മൊബൈൽ ചാർജ് ചെയ്ത ശേഷം പ്ലഗ് ഓഫാക്കാതെ വെച്ചതാണ് അപകട കാരണം എന്നാണ് പ്രാഥമിക കാരണം. മൊബൈൽ ചാർജർ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മശൂദിന്റെ മകനാണ് ഈ മുറി ഉപയോഗിക്കുന്നത്.
ചെറിയ അശ്രദ്ധ വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും വിലകുറഞ്ഞ ചൈന നിർമ്മിത ചാർജറുകൾ ഒഴിവാക്കണമെന്നും ചാർജ് ചെയ്ത് കഴിഞ്ഞാൽ ചാർജർ പ്ലഗിൽ നിന്ന് ഊരിവെയ്ക്കണമെന്നും കെ.എസ്.ഇ.ബി. അധികൃതർ കുടുംബത്തെ അറിയിച്ചു. കുട്ടികളുള്ള വീട്ടിൽ ഇത്തരം വിഷയങ്ങൾക്ക് കാര്യമായ പ്രാധാന്യം നൽകണമെന്നും അപകടം ഒഴിവാക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.