തെറ്റായ അനൗൺസ്മെൻ്റ് നൽകി യാത്രക്കാരെ ഓടിച്ച് റെയിൽവേ. എത്തുമെന്ന് പറഞ്ഞത് പ്ലാറ്റ്ഫോം മൂന്നിൽ, ഇൻ്റർസിറ്റി എക്സ്പ്രസ് വന്നത് ഒന്നിൽ; പരക്കം പാഞ്ഞ് യാത്രക്കാർ


അവസാനനിമിഷം വരെ തീവണ്ടി മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വരുമെന്നായിരുന്നു അനൗൺസ്മെൻ്റ്. എന്നാൽ തീവണ്ടി വന്നതാകട്ടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്കും. ഇതോടെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാരെല്ലാം പരക്കം പാച്ചിലായി.
ഇതിനിടെ, സാങ്കേതിക തകരാർ കാരണം ഇൻ്റർസിറ്റി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലാണ് വരുന്നതെന്ന അറിയിപ്പും വന്നു.
റെയിൽവേയുടെ ‘കബളിപ്പിക്കലി’ൽ സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ള യാത്രക്കാരാണ് വലഞ്ഞത്. ലിഫ്റ്റിലും ഗോവണിയിലും തിക്കുംതിരക്കുമായതോടെ മിക്ക യാത്രക്കാരും അപകടകരമായ രീതിയിൽ പാളം മുറിച്ചുകടന്നാണ് തീവണ്ടിയിൽ കയറിപ്പറ്റിയത്. തിരക്ക് കാരണം പലർക്കും തീവണ്ടിയിൽ കയറാനുമായില്ല.
ഇതിനിടെ യാത്രക്കാർ പരക്കം പായുന്നതിൻ്റെയും തീവണ്ടിയിൽ കയറാൻ പ്രയാസപ്പെടുന്നതിൻ്റെയും ദൃശ്യങ്ങൾ പകർത്താൻ റെയിൽവേ ജീവനക്കാർ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കി.
തങ്ങളെ ബുദ്ധിമുട്ടിച്ചതുകൂടാതെ ദൃശ്യം പകർത്തി രസിക്കുവാണോ എന്നായിരുന്നു യാത്രക്കാരുടെ ചോദ്യം. ഇതോടെ ജീവനക്കാർ ഓഫീസിനകത്തേക്ക് വലിയുകയായിരുന്നു.