കോഴിക്കോട് ട്രെയിൻ തട്ടി യുവതി മരിച്ചു; കയ്യിലിരുന്ന മകൾ തെറിച്ചുവീണ് പരിക്കേറ്റ് ആശുപത്രിയിൽ


കോഴിക്കോട്: പയ്യോളിയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. പയ്യോളി ശ്രീനിലയത്തില്‍ ഗായത്രി (32)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രാജധാനി എക്‌സ്പ്രസാണ് തട്ടിയത്. ഗായത്രിയുടെ മൂന്നു വയസ്സുള്ള മകൾ ആരോഹിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പയ്യോളി റെയില്‍വേ സ്റ്റേഷനും ഒന്നാം ഗെയ്റ്റിനും ഇടയിൽ വെച്ചായിരുന്നു അപകടം നടന്നത്. ഗായത്രിയുടെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു. അപകടസമയത്ത് ഗായത്രിയുടെ കയ്യിലിരുന്ന മകൾ ട്രെയിൻ ഇടിച്ച ആഘാതത്തിൽ തെറിച്ചു പോവുകയായിരുന്നു.
കുട്ടിയെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കുട്ടിയെ മാറ്റി. ശ്രീനിലയത്തിൽ ശ്രീധരന്റെയും സരോജനിയുടെയും മകളാണ് ഗായത്രി. ഭര്‍ത്താവ്: ഇരിങ്ങത്ത് ആശാരികണ്ടി സനീഷ് (മണിയൂര്‍ എന്‍ജിനിയറിങ് കോളേജ്).സഹോദരി: അഞ്ജലി (പയ്യോളി സഹകരണബാങ്ക്).