ഗുജറാത്തില്‍ 140 കടന്ന് ബിജെപി ലീഡ്; തൂക്കുപാലം ദുരന്തമുണ്ടായ മോര്‍ബിയിലും ബിജെപി മുന്നില്‍


അഹമ്മദാബാദ്: തൂക്കുപാലം തകർന്ന് ദുരന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബിയില്‍ ബിജെപി സ്ഥാനാർത്ഥി മുന്നില്‍. ദുരന്തത്തിനിടെ രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിലേക്ക് എടുത്ത് ചാടിയ മുൻ എംഎൽഎ കാന്തിലാൽ അമൃതിയയ്ക്കാണ് ബിജെപി ഇവിടെ സീറ്റ് നൽകിയത്. ഉപതെരഞ്ഞെടുപ്പിൽ തോറ്റ ജയന്തിലാൽ പട്ടേലിനെ തന്നെയാണ് കോൺഗ്രസ് ഇത്തവണയും മത്സരിപ്പിച്ചത്.
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപ് ബിജെപി നേരിട്ട വലിയ പ്രതിസന്ധിയായിരുന്നു മോർബി ദുരന്തം. മാച്ചു നദിക്ക് കുറുകെയുണ്ടായിരുന്ന തൂക്കുപാലം തകർന്ന് സ്ത്രീകളും കുട്ടികളും അടക്കം 135 പേരാണ് മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ഈ വിഷയം വലിയ ചർച്ചയായിരുന്നെങ്കിൽ അവസാന ലാപ്പിൽ കാര്യങ്ങൾ മാറി.
ഏകസിവിൽ കോഡ് അടക്കം പ്രഖ്യാപനങ്ങളോടെ തെരഞ്ഞെടുപ്പിന് തയാറായി നിൽക്കവേയാണ് മോർബിയിൽ ദുരന്തമുണ്ടാവുന്നത്. ക്ലോക്ക് നിർമ്മിച്ച് പരിചയമുള്ള കമ്പനിക്ക് ടെണ്ടറില്ലാതെ പാലം അറ്റകുറ്റപ്പണിക്ക് കരാർ നൽകി എന്നും പാലത്തിന്‍റെ സുരക്ഷ നോക്കാതെ ആളുകളെ കയറ്റിനിറച്ചു എന്നെല്ലാമുള്ള ആരോപണങ്ങളാണ് എതിർപക്ഷം ഉയർത്തിയത്.
കോൺഗ്രസിനെ ജയിപ്പിച്ചാലും ബിജെപിയാവുമെന്ന് പരിഹസിക്കുന്നവർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന മണ്ഡലമാണ് മോർബി. 2017ൽ കോൺഗ്രസാണ് മോർബിയിൽ ജയിച്ചത്. എന്നാൽ ജയിച്ച് വന്ന സ്ഥാനാർത്ഥി ബിജെപിയിലേക്ക് പോയി. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയുമായി.