അഞ്ചാംപനി: സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കി


മലപ്പുറം ∙ അഞ്ചാം പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളിൽ മാസ്ക് നിർബന്ധമാക്കി. ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളിലായി 464 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ദിവസവും 10,000 കുട്ടികൾക്കു വീതം പ്രതിരോധ കുത്തിവയ്പ് നൽകി, 15 ദിവസത്തിനുള്ളിൽ 95 ശതമാനത്തിൽ എത്തിക്കുമെന്നും കലക്ടർ വി.ആർ.പ്രേംകുമാർ അറിയിച്ചു.
ജില്ലാ വികസന കമ്മിഷണർ രാജീവ് കുമാർ ചൗധരി നോഡൽ ഓഫിസറായി ഊർജിത പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. പ്രധാന സർക്കാർ, സ്വകാര്യ ആശുപത്രികളിലെല്ലാം കുട്ടികളുടെ ചികിത്സാ വിഭാഗത്തോടനുബന്ധിച്ച് ഐസലേഷൻ
സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പ്രതിനിധികൾ ഇപ്പോഴും ജില്ലയിൽ നിരീക്ഷണം തുടരുന്നു. കേന്ദ്ര–സംസ്ഥാന സംഘങ്ങൾ പരിശോധന നടത്തി മടങ്ങി. നിലവിലെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ വിദഗ്ധർ എല്ലാവർക്കും ചികിത്സയും വാക്സിനേഷനും ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ചികിത്സയും വാക്സിനേഷനും വേണ്ടെന്ന രീതിയിലുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ജില്ലാ തലത്തിലും പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭാ തലത്തിലും പ്രത്യേക കമ്മിറ്റികൾ ചേർന്ന് ദിവസവും പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. ആവശ്യമെങ്കിൽ വാർഡ് അംഗം,
ആർആർടി വൊളന്റിയർമാർ, കുടുംബശ്രീ, ആശാ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി വാർഡ് തലങ്ങളിലും കമ്മിറ്റി രൂപീകരിക്കും.