യുവതിയുടെ ഫോണ്‍ തട്ടിയെടുത്ത് സ്ത്രീകളോട് അശ്ലീല സംഭാഷണം; ഫേസ്ബുക്കിലെ ‘പാര്‍വതി’ കോഴിക്കോട് പിടിയില്‍


കോഴിക്കോട്: യുവതിയുടെ ഫോണുകള്‍ മോഷ്ടിച്ച് കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പോലീസ് പിടിയില്‍. നിലമ്പൂര്‍ എടക്കര ചെറിയാടന്‍ മന്‍സൂര്‍ (36) ആണ് അറസ്റ്റിലായത്. പെരുമണ്ണ സ്വദേശിയായ യുവതിയുടെ ഫോണാണ് മോഷണം പോയത്.
അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം. സിദ്ദിഖിന്റെ നിര്‍ദേശപ്രകാരം പന്തീരാങ്കാവ് എസ്.ഐ. ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് ചൊവ്വാഴ്ച ഉച്ചയോടെ ഇയാളെ പിടികൂടിയത്.
‘പാര്‍വ്വതി’ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി നാലരലക്ഷം രൂപ തട്ടിയ സംഭവത്തില്‍ ചെര്‍പ്പുളശ്ശേരി പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. എടക്കര, നിലമ്പൂര്‍ പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളിലും മന്‍സൂര്‍ പ്രതിയാണ്. ജയിലില്‍വെച്ച് നിലമ്പൂര്‍ സ്വദേശിയായ സഹതടവുകാരനില്‍നിന്ന് ജാമ്യം നേടിത്തരാമെന്ന് പറഞ്ഞ് 78,000 രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് യാത്രയ്ക്കിടെ, പന്തീരാങ്കാവിന് സമീപത്ത് വെച്ച് യുവതിയുടെയും മകളുടെയും രണ്ട് സ്മാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടത്. അന്വേഷിച്ചെങ്കിലും ഫോണുകള്‍ കണ്ടെത്താനായിരുന്നില്ല. ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള സ്ത്രീകളടക്കമുള്ളവരെ വിളിച്ച് ഒരാള്‍ മോശമായി സംസാരിക്കുന്നതറിഞ്ഞ്, നഷ്ടപ്പെട്ട ഫോണിലേക്ക് വിളിച്ചപ്പോഴാണ് മന്‍സൂറിന്റെ കൈവശമാണ് ഫോണുകളെന്ന് യുവതിക്ക് മനസ്സിലാകുന്നത്.
പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തുകയും അശ്ലീലം പറയുകയും ചെയ്യുന്നത് പ്രതി പതിവാക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കി.