ഓൺലൈൻ വ്യാപാരത്തിലൂടെ പണം നഷ്ടപ്പെട്ടു: കോഴിക്കോട് വിദ്യാർഥി കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടിമരിച്ചു.

മുക്കം: ഓൺലൈൻ വ്യാപാരത്തിലൂടെ പണം നഷ്ടപ്പെട്ട കോഴിക്കോട് എൻ.ഐ.ടി.യിലെ വിദ്യാർഥി കെട്ടിടത്തിന്റെ ഒൻപതാം നിലയിൽ നിന്ന് ചാടിമരിച്ചു. തെലങ്കാന കുക്കട്പള്ളി സ്വദേശിയും രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയുമായ ചെന്നുപ്പതി യശ്വന്ത് (20) ആണ് മരിച്ചത്.
ദൈനംദിന ചെലവുകൾക്ക് അച്ഛൻ അയച്ചുകൊടുത്ത പണം, ഓൺലൈൻ വ്യാപാരം ഉൾപ്പെടെ നടത്തി നഷ്ടപ്പെട്ട മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. എത്ര രൂപ, എങ്ങനെ നഷ്ടപ്പെട്ടെന്ന് അന്വേഷണത്തിനുശേഷമേ വ്യക്തമാവൂവെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രണ്ടരയോടെയായിരുന്നു സംഭവം. ന്യൂ ബോയ്സ് മെഗാ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടിയ കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാർഥികളും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അച്ഛൻ: ചെന്നുപ്പതി വെങ്കിട്ട നാഗേശ്വര റാവു, അമ്മ: ചെന്നുപ്പതി ഭാരതി.