എടപ്പാൾ ടൗണിലെ മാലിന്യ പ്രശ്നം; തദ്ദേശസ്ഥാപനങ്ങൾ ഒളിച്ചുകളിക്കുന്നു


എടപ്പാൾ ∙ ടൗണിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാതെ തദ്ദേശ സ്ഥാപനങ്ങൾ ഒളിച്ചു കളിക്കുന്നു. എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളും പൊന്നാനി ബ്ലോക്ക് പഞ്ചായത്തും വീതം വയ്ക്കുന്ന ടൗണിലെ നാലു റോഡിലും മേൽപാലത്തിന് താഴെയും പലയിടത്തും മാലിന്യക്കൂമ്പാരമാണ്.
ക്ലീൻ എടപ്പാൾ പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങൾ നീക്കം ചെയ്യാൻ തൊഴിലാളികളെ നിയോഗിച്ചിരുന്നു. ജനകീയ കൂട്ടായ്മയിൽ ഇടയ്ക്ക് മാലിന്യം നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പാലം വന്നതോടെ ഇതെല്ലാം നിലച്ചു. നിലവിൽ വ്യാപാര സ്ഥാപനങ്ങളിൽ
നിന്നുള്ള മാലിന്യങ്ങൾ ഉൾപ്പെടെ പലയിടത്തും തള്ളുകയാണ്.
നാലു റോഡുകളിലെയും ഓടകളും മാലിന്യം തള്ളി നിറഞ്ഞു കിടക്കുന്നു. ഇതിനാൽ മഴ വെള്ളം ഒഴുകിപ്പോകാതെ റോഡിലൂടെ പരന്നൊഴുകുകയാണ്. കടകളിലേക്കും വെള്ളം കയറുന്ന അവസ്ഥയുമുണ്ട്. അനാവശ്യ കാര്യങ്ങൾക്ക് പോലും തുക ചെലവിടുന്ന തദ്ദേശ സ്ഥാപനങ്ങൾ മാലിന്യം നീക്കം ചെയ്യാൻ ഒരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്. കൂടിക്കിടക്കുന്ന മാലിന്യത്തിന് ചിലർ തീയിടുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നുണ്ട്.