വിദ്യാര്‍ത്ഥികളെ സഹിക്കാന്‍ വയ്യ; ബംഗളൂരുവിലെ സ്‌കൂളുകളില്‍ നിന്ന് അധ്യാപകരുടെ രാജി

പ്രതീകാത്മക ചിത്രം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നേരെ തിരിച്ചാണ്. ബംഗളുരുവില്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം സഹിക്കാന്‍ വയ്യാതെ അധ്യാപകര്‍ കൂട്ടത്തോടെ രാജിവെയ്ക്കുന്നത് ഇതിന് ഉദാഹരണമാണ്.
അധ്യാപകരെ ദൈവങ്ങളായി കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഗുരുഭ്യോ നമഃ എന്നാണ് നാം പഠിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറിയിരിക്കുകയാണെന്നും അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പേടിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും കര്‍ണ്ണാടക അസോസിയേഷന്‍ ഓഫ് മാനേജ്‌മെന്റ് സ്‌കൂള്‍സ് സൈക്രട്ടറിയായ ഡി ശശികുമാര്‍ പറയുന്നു.
വളരെ ഭയഭക്തി ബഹുമാനത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ പെരുമാറേണ്ടത്. എന്നാല്‍ ഇന്ന് സഭ്യതയില്ലാതെയാണ് പല വിദ്യാര്‍ത്ഥികളും സ്വന്തം അധ്യാപകരോട് സംസാരിക്കുന്നതെന്നും പരാതികളുയരുന്നു.
വടക്കന്‍ ബംഗളുരൂവില്‍ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അധ്യാപിക പറയുന്നത് സ്‌കൂളില്‍ പോകാന്‍ തന്നെ ഇപ്പോള്‍ ഭയമാണെന്നാണ്. രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ ആശങ്കയിലാണെന്നും ഒരു പ്രത്യേക ക്ലാസ്സില്‍ പഠിപ്പിക്കുന്നത് ഓര്‍ത്താല്‍ തന്നെ ഭയമാണെന്നും അവര്‍ പറയുന്നു. എന്നാല്‍ എല്ലാ വിദ്യാര്‍ത്ഥികളും ഒരു പോലെയല്ലെന്നും അവര്‍ കൂട്ടിച്ചേർത്തു. അധ്യാപകരോട് നല്ല രീതിയില്‍ പെരുമാറുന്ന വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ ഉണ്ട്. എന്നാല്‍ ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം സഹിക്ക വയ്യാതെയാണ് ആ സ്‌കൂളില്‍ നിന്ന് രാജി വച്ചതെന്നും അധ്യാപിക പറയുന്നു.
ഇത് ഒരാളുടെ മാത്രം കഥയല്ല. അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപികയും സമാന അഭിപ്രായവുമായാണ് രംഗത്തെത്തിയത്. രാവിലെ ക്ലാസ്സിലേക്ക് കയറുമ്പോള്‍ തന്നെ ഗുഡ് മോണിംഗിന് പകരം വിസിലടിയും ചില അശ്ലീല കമന്റുകളുമായാണ് വിദ്യാര്‍ത്ഥികള്‍ തന്നെ വരവേല്‍ക്കുന്നത് എന്ന് ഇവര്‍ പറയുന്നു. ഓരോ കവിതാ ഭാഗം പഠിപ്പിക്കുമ്പോഴും പലതരം കമന്റുകളുമാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് ഉയരുന്നത്.
ക്ലാസ്സെടുക്കുമ്പോള്‍ ഐ ലവ് യൂ എന്നൊക്കെയുള്ള ചില കമന്റുകളാണ് കുട്ടികള്‍ പറയുന്നത്. എന്നാല്‍ പുറത്ത് പറയാന്‍ കൊള്ളാത്ത ചില വാക്കുകളും അവര്‍ ഉപയോഗിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും അധ്യാപിക പറയുന്നു. തന്റെ ശരീരത്തെപ്പറ്റിയും നടക്കുന്ന രീതിയെക്കുറിച്ചും മറ്റ് അവയവങ്ങളെക്കുറിച്ചുമൊക്കെയാണ് കമന്റുകള്‍. ഒരു ദിവസം ഇതിനെതിരെ താന്‍ പ്രതികരിച്ചുവെന്നും ഇതൊക്കെ കേട്ട് പരസ്യമായി കരഞ്ഞു പോയെന്നും ഈ അധ്യാപിക പറയുന്നു. തുടര്‍ന്നും ആ ക്ലാസ്സില്‍ പഠിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് രാജിവെച്ചതെന്നും ഇവര്‍ പറയുന്നു.
കര്‍ണ്ണാടകയിലെ നിരവധി സ്വകാര്യ സ്‌കൂളുകളിലും സ്ഥിതി ഇതാണ്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധ്യാപകര്‍ പരാതി നല്‍കിയാല്‍ ഉടന്‍ തന്നെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തും. എന്നിട്ട് പരസ്യമായി അധ്യാപകരെപ്പറ്റി മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്യും. ഇത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. തങ്ങള്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന രീതിയില്‍ കുട്ടികള്‍ ഈ സംഭവങ്ങളെ വ്യാഖാനിക്കുന്നു. പഴയ രീതിയില്‍ തന്നെ അവര്‍ തുടരുകയും ചെയ്യുന്നു. അച്ചടക്കം ഇന്നത്തെ കുട്ടികളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
അതേസമയം ഈ വിഷയത്തില്‍ ബാലാവകാശ കമ്മീഷന് പരാതിയുമായി കെഎഎംസ് രംഗത്തെത്തിയിട്ടുണ്ട്. കൗമാരപ്രായക്കാരായ കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കുക എന്നതാണ് ഇതിനൊരു പരിഹാരമെന്നാണ് കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്നാല്‍ ഇതൊന്നും നിലവിലെ പ്രശ്‌നത്തിന് ഒരു പരിഹാരമാകില്ലെന്നാണ് സ്‌കൂള്‍ അധികൃതരും അധ്യാപകരും പറയുന്നത്.