ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ സ്വർണമിശ്രിതം; മുറിയെടുത്ത് പുറത്തെടുത്തു, യാത്രയ്ക്കിടെ പൊലീസ് പൊക്കി


പെരിന്തൽമണ്ണ ∙ ഒരു കിലോഗ്രാം സ്വർണമിശ്രിതവുമായി 2 പേർ പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായി. കാസർകോട് സ്വദേശി ആയിഷ മൻസിലിൽ വസീമുദ്ദീൻ(32), താമരശ്ശേരി സ്വദേശി കരിമ്പനയ്‌ക്കൽ വീട്ടിൽ മുഹമ്മദ് സാലി(49) എന്നിവരെയാണ് സിഐ സി.അലവി, എസ്‌ഐ യാസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനയ്ക്കിടെ കസ്‌റ്റഡിയിലെടുത്തത്.
ഇരുവരും കാറിൽ വരുന്നതിനിടെയാണ് ശനിയാഴ്‌ച രാത്രി ദേശീയപാതയിലെ താഴേക്കോട് കാപ്പുമുഖത്ത് വച്ച് പൊലീസ് പിടികൂടിയത്. യുഎഇയിൽ നിന്ന് കോയമ്പത്തൂരിൽ വിമാനം ഇറങ്ങിയ വസീമുദ്ദീനെ, മുഹമ്മദ് സാലി കാറിൽ കൂട്ടിക്കൊണ്ടുവരുമ്പോഴാണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്.
സ്വർണം 3 ക്യാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് വസീമുദ്ദീൻ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. വിമാനമിറങ്ങിയ ശേഷം കോയമ്പത്തൂരിൽ മുറിയെടുത്ത് സ്വർണമിശ്രിത ക്യാപ്സ്യൂളുകൾ പുറത്തെടുത്ത ശേഷമാണ് ഇരുവരും യാത്ര തിരിച്ചത്. കാറിന്റെ സീറ്റിലുണ്ടായിരുന്ന ബാഗിനടിയിൽ പ്ലാസ്‌റ്റിക് കവറിലാക്കിയാണ് ഇവ സൂക്ഷിച്ചിരുന്നത്.
വസീമുദ്ദീൻ മുൻപും സ്വർണം കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വർണ മിശ്രിതം കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. എഎസ്ഐ വിശ്വംഭരൻ, എസ്‌സിപിഒ ജയമണി, കെ.എസ്.ഉല്ലാസ്, സിപിഒമാരായ മുഹമ്മദ് ഷജീർ, ഷഫീഖ് എന്നിവരും പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.