കാലിൽ സെല്ലോടാപ്പ് ചുറ്റി ഒട്ടിച്ച് ലഹരിമരുന്ന് കടത്ത് ; മലപ്പുറം പാണ്ടിക്കാട് 103 ഗ്രാം MDMA പിടിച്ചെടുത്തു
1 min read

മലപ്പുറത്ത് 103 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി രണ്ടു പേര്‍ പാണ്ടിക്കാട് പോലീസിന്‍റെ പിടിയിലായി .നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി പള്ളിയാല്‍തൊടി ഉമ്മര്‍ഫറൂഖ് (41), പട്ടിക്കാട് വലമ്പൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഷമീല്‍ (29) എന്നിവരെയാണ് പാണ്ടിക്കാട് സി.ഐ.റഫീഖ് ,എസ്.ഐ. അബ്ദുള്‍ സലാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ഉമ്മര്‍ഫറൂഖിന്‍റെ കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയിരുന്നത്. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തിലായിരുന്നു പരിശോധന .
വധശ്രമക്കേസുള്‍പ്പടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലും ലഹരിക്കടത്ത് കേസുകളിലും പ്രതിയായ ഉമ്മര്‍ഫറൂഖ് മാസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പാലക്കാട് ,മലപ്പുറം ജില്ലകളിലേക്ക് എംഡിഎംഎ,ബ്രൗണ്‍ഷുഗര്‍ തുടങ്ങിയവ കടത്തുന്ന മുഖ്യകണ്ണിയാണ് ഉമ്മര്‍ഫറൂഖ് .സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസ് അറിയിച്ചു.
ഇന്നലെ പെരിന്തൽമണ്ണ പോലീസും എം ഡി എം എ പിടികൂടിയിരുന്നു.കുറ്റിപ്പുറം പാണ്ടികശ്ശാല പേരശന്നൂർ സ്വദേശി കൈപ്പള്ളി വീട്ടിൽ മുബഷീർ, നിലമ്പുർ ചക്കാലക്കുത്ത് സ്വദേശിലെ ചെറൂത്ത് വിട്ടിൽ ശ്രീമേഷ് എന്നിവരാണ് അറസ്റ്റിലായത്.61 ഗ്രാം എം ഡി എം എ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.വിപണിയിൽ ലക്ഷകണക്കിന് രൂപ വില വരും പിടിച്ചെടുത്ത എംഡിഎംഎക്ക് .പെരിന്തല്‍മണ്ണ സി ഐ. സി.അലവിയും സംഘവും ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘം ആഡംബര ബൈക്കുകളിലും പ്രത്യേക കാരിയര്‍മാര്‍ മുഖേന വന്‍ തോതില്‍ രാസലഹരിമരുന്നിനത്തില്‍പ്പെട്ട മെത്ത് ആംഫിറ്റമിന്‍(MDMA )കേരളത്തിലേക്ക് കടത്തി പല ഭാഗങ്ങളിലും എത്തിച്ച്കൊടുക്കുന്നതായും ജില്ലയിലെ ചിലര്‍ ഇതിന്റെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍, സി.ഐ.സി.അലവി,എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ ചില കണ്ണികളെ കുറിച്ച് സൂചന ലഭിച്ചിരുന്നു.
തുടര്‍ന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ച് പെരിന്തല്‍മണ്ണ ടൗണില്‍ നടത്തിയ രാത്രികാല പ്രത്യേക പരിശോധനയിലാണ് ബാംഗ്ലൂരില്‍ നിന്നും വില്‍പ്പനയ്ക്കായെത്തിച്ച 61 ഗ്രാം എംഡിഎംഎ യുമായി പെരിന്തല്‍മണ്ണ സി.ഐ. സി.അലവി, എസ്.ഐ. എ.എം.മുഹമ്മദ് യാസിര്‍, എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ ബാംഗ്ലൂരില്‍ നിന്നും ആഡംബര ബൈക്കുകളിലും ബസ് മാര്‍ഗവും എംഡിഎംഎ മയക്കുമരുന്ന് നാട്ടിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതാണ് രീതി എന്ന് വ്യക്തമായി.
മുന്‍പും പലതവണ ഇത്തരത്തില്‍ നാട്ടിലേക്ക് ലഹരിമരുന്ന് കടത്തിയതായും വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് ഇത്തരം കച്ചവടത്തിലേക്കിറങ്ങിയതെന്നും പോലീസിനോട് പറഞ്ഞു. മയക്കുമരുന്നിന്‍റെ ഉറവിടത്തെകുറിച്ചും ജില്ലയിലെ മറ്റു കണ്ണികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.