പിടികിട്ടാപ്പുള്ളി ഏഴ് വർഷത്തിന് ശേഷം പിടിയിൽ


വാഴക്കാട്: ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ മുങ്ങിയ പ്രതിയെ ഏഴ് വർഷത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം പിടികൂടി. തമിഴ്നാട് നാഗപട്ടണം സ്വദേശി നടരാജനെയാണ് കൊണ്ടോട്ടി എ.സി.പി വിജയഭാരത റെഡ്ഢിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2015ലാണ് കേസിനാസ്പദമായ സംഭവം. കൊളമ്പലം ഇരിപ്പൻതൊടിയിലെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചതായാണ് നാഗപട്ടണം സ്വദേശിയായ യുവതിയുടെ പരാതി.
വാഴക്കാട് പൊലീസ് സ്റ്റേഷനിൽ തനിക്കെതിരെ കേസ്സുണ്ടെന്നറിഞ്ഞ പ്രതി ഇവിടെ നിന്നു ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്. മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ടേറ്റിനു മുമ്പിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ വാഴക്കാട് എസ്.ഐ പ്രദീപ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ടി. റാഷിദ്, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മുഹമ്മദ് അജ്നാസ് എന്നിവർ നേതൃത്വം നൽകി.