NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വ്യാജ നമ്പർ പ്ലേറ്റുമായി രേഖകളില്ലാതെ വിദ്യാർഥികളുമായി ടൂർ പോയ ബസ് പിടിയിൽ

വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേയ്ക്ക് വിദ്യാർഥികളുമായി വിനോദയാത്രക്ക് എത്തിയ സ്പാർടെൻസ് എന്ന ബസാണ് പിടിച്ചെടുത്തത്.

നികുതി, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഇൻഷുറൻസ് തുടങ്ങിയ ഒരു രേഖയുമില്ലാതെയാണ് കെ എല്‍ 74 3303 നമ്പര്‍ ടൂറിസ്റ്റ് ബസ് സര്‍വീസ് നടത്തിയത്. എല്ലാ രേഖകളുമുള്ള മറ്റൊരു ടൂറിസ്റ്റ് ബസിന്റെ നമ്പറിലായിരുന്നു ഈ ബസിന്റെ സര്‍വീസ്.

യഥാര്‍ത്ഥ നമ്പര്‍ എഴുതിയത് മറച്ച് രേഖകളുള്ള ബസിന്റെ കെ എല്‍ 74 3915 എന്ന നമ്പറിലാണ് ബസ് ഓടിയത്. തിരുവന്തപുരത്തെ സ്കൂളില്‍ നിന്നുള്ള 45 വിദ്യാർഥികളുമായി കൊച്ചിയിലേക്ക് വിനോദയാത്രക്കെത്തിയ ബസ് രഹസ്യ വിവരത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

28 ലക്ഷം രൂപയുടെ വായ്പ അടക്കം 31.5 ലക്ഷം രൂപക്ക് ബസ് വാങ്ങിയതാണെന്നാണ് ഉടമ പറയുന്നത്. വ്യാജ നമ്പറിലുള്ള ബസാണെന്ന് അറിഞ്ഞില്ലെന്നും പണമിടപാട് തീരുന്ന മുറക്ക് രേഖകള്‍ നല്‍കാമെന്ന് പഴയ ഉടമ പറഞ്ഞെന്നുമാണ് ഇയാള്‍ പറയുന്നത്. ബസ് കസ്റ്റഡിയിലെടുത്ത മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടൂര്‍ ഓപ്പറേറ്ററോട് വിദ്യാർഥികള്‍ക്ക് തിരിച്ചു പോകാൻ മറ്റൊരു ബസ് ഏര്‍പ്പാടാക്കിക്കൊടുക്കാൻ നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *