NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കള്ളനോട്ടു നിർമാണം അമ്മയും മകളും അറസ്റ്റില്‍

കോട്ടയം: 10 രൂപ മുതല്‍ 500 രൂപവരെയുളള കള്ളനോട്ടുകൾ വീട്ടില്‍ നിര്‍മിച്ച് വിനിമയം നടത്തിയ അമ്മയും മകളും അറസ്റ്റില്‍. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68) ഇവരുടെ മകളായ ഷീബ(34) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വിലാസിനി കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലെ ഒരു ലോട്ടറി കടയില്‍ ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ടുമായി എത്തിയിരുന്നു, സംശയം തോന്നിയ കടയുടമ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി നോട്ടുകള്‍ പരിശോധിച്ച് വ്യാജനോട്ടുകളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് വിലാസിനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്നുള്ള പരിശോധനയിൽ ഇവരുടെ അടുക്കല്നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകളും കണ്ടെടുത്തു. ഈ കേസിന്റെ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വിലാസിനിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരുടെ മകള്‍ ഷീബ കൂടി ഇതില്‍ പങ്കാളിയാണെന്ന് കണ്ടത്തുകയായിരുന്നു..തുടർന്ന് പോലീസ് സംഘം ഇവര്‍ ഇപ്പോള്‍ വാടകക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടില്‍ എത്തി ഷീബയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും വീടിന്റെ ഹാളിലെ കട്ടിലിനടിയില്‍ പേപ്പറിൽ ഒളിപ്പിച്ചു വെച്ചനിലയിൽ 500 രൂപയുടെ 31 വ്യാജ നോട്ടുകളും, 200 രൂപയുടെ 7 വ്യാജ നോട്ടുകളും, 100 രൂപയുടെ 4 വ്യാജ നോട്ടുകളും, 10 രൂപയുടെ 8 വ്യാജ നോട്ടുകളും പോലീസ് കണ്ടെടുത്തു. കൂടാതെ വ്യാജ നോട്ടുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ്പും , പ്രിന്ററും, സ്‌കാനറും പോലീസ് കണ്ടെടുത്തു.
ഗൂഗിളിൽ നോക്കിയാണ് നോട്ട് നിർമാണത്തിന്റെ രീതി മനസിലാക്കിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. കള്ളനോട്ട് ഉണ്ടാക്കിയതിനുശേഷം അമ്മയുടെ കയ്യില്‍ കൊടുത്തു വിട്ട് ലോട്ടറി കച്ചവടക്കാര്‍ക്കും, മാര്‍ക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാര്‍ക്കും ആയി സാധനങ്ങള്‍ വാങ്ങി അവക്കുള്ള വിലയായി വ്യാജ നോട്ട് കൊടുത്തു മാറുകയായിരുന്നു ഇവരുടെ രീതി എന്ന് പോലീസ് പറഞ്ഞു. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്.ഓ അനൂപ് കൃഷ്ണ, എസ്.ഐ. ശ്രീജിത്ത്. ടി, സി.പി.ഓ മാരായ ജോര്‍ജ് എ.സി, മഞ്ജുള , ഷാഹിന സി.എച്ച് , എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.