NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ജിദ്ദയില്‍ കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം താറുമാറായി. രണ്ട് മരണം

ജിദ്ദ | ജിദ്ദയില്‍ കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം താറുമാറായി. രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കനത്ത ഇടിയോടെയാണ് ജിദ്ദയിലും പരിസര പ്രദേശങ്ങളിലും മഴ പെയ്തത്. വെള്ളത്തിനടിയില്‍ പെട്ട നിരവധി പേരെ സിവില്‍ ഡിഫന്‍സും സുരക്ഷാ സേനയും രക്ഷപ്പെടുത്തി.

നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റിപ്പോര്‍ട്ടുകള്‍ പ്രകാരം വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയുള്ള ആറ് മണിക്കൂറിനുള്ളില്‍ 179 മില്ലിമീറ്റര്‍ മഴയാണ് ജിദ്ദയില്‍ രേഖപ്പെടുത്തിയത്. ഇത് 2009 നവംബറിലെ വെള്ളപ്പൊക്ക സമയത്ത് രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതലാണ് ജനവാസ കേന്ദ്രങ്ങളിലെ പല തെരുവുകളും വെള്ളത്തിനടിയിലായി.

 

നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വാഹനങ്ങള്‍ ഒലിച്ചു പോവുന്ന അവസ്ഥയുമുണ്ടായി. കനത്ത മഴയില്‍ രണ്ട് മരണം സ്ഥിരീകരിച്ചതായി സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ ഖര്‍നി പറഞ്ഞു.

 

കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ വൈകിയതിനാല്‍ ഹറമൈന്‍ എക്സ്പ്രസ് വേയും മറ്റ് ചില പ്രധാന റോഡുകളും മണിക്കൂറുകളോളം അടച്ചിട്ടു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 

മഴയുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് നിര്‍ദേശിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. 2009 നവംബര്‍ 25നുണ്ടായ മഴയില്‍ ജിദ്ദയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 122 പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published.