ആളൊഴിഞ്ഞ പറമ്പിൽ അർധരാത്രിയിൽ പൂജ; പിടികൂടിയ പൂജാരിയുടെ പക്കൽ പത്തോളം മാരകായുധങ്ങൾ


തൃശൂർ: ആളൊഴിഞ്ഞ പറമ്പിൽ പൂജ നടത്തുകയായിരുന്ന പൂജാരിയെ മാരകായുധങ്ങളുമായി പിടികൂടി. മൂഴൂർക്കര സ്വദേശി സതീശനാണ് അറസ്റ്റിലായത്. എരുമപ്പെട്ടി വരവൂർ രാമൻകുളത്താണ് സംഭവം. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് പൂജ നടത്തുകയായിരുന്ന പൂജാരിയെയും സഹായിയെയും പിടികൂടിയത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് എരുമപെട്ടി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. താൻ ജ്യോൽസ്യനാണെന്നാണ് സതീശൻ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.
രാത്രി ഏറെ വൈകി നടക്കുന്ന പൂജയും ഇവരുടെ കൈയിൽ ഉണ്ടായിരുന്ന ആയുധങ്ങളും കണ്ട് നാട്ടുകാർ പരിഭ്രാന്തിയിലാണ്. ഇലന്തൂർ നരബലിക്കേസിന്‍റെ പശ്ചാത്തലത്തിൽ ആയുധങ്ങൾ ഉപയോഗിച്ചുള്ള പൂജ ആശങ്ക ഉളവാക്കുന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്. പൂജാരിയുടെ കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു. ഭൂമിയുടെ ദോഷം തീർക്കാനാണ് കോടാലിയും വെട്ടുകത്തിയും വടിവാളും എയർഗണ്ണും ഉപയോഗിച്ച് പൂജ നടത്തിയതെന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.
കുറച്ച് ദിവസമായി ഇവിടെ ഇതു പോലെ പൂജകൾ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പോലിസിന് മൊഴി നൽകിയിട്ടുണ്ട്.
ഇവർ സഞ്ചരിച്ചിരുന്ന കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു.
സതീശന്‍ നൽകിയ മൊഴിയിൽ അന്വേഷണം നടക്കുകയാണെന്നും, അക്കാര്യം വിശദമായി പരിശോധിച്ചശേഷമായിരിക്കും സംഭവത്തിൽ കേസെടുക്കുകയെന്നും എരുമപെട്ടി പൊലീസ് പറഞ്ഞു. അതിനിടെ പൂജ തടസപ്പെടുത്തിയെന്ന് കാണിച്ച് നാട്ടുകാർക്കെതിരെ സതീശൻ പരാതി നൽകിയിട്ടുണ്ട്. താൻ ലേലത്തിൽ പിടിച്ച സ്ഥലമാണിതെന്നും, ഭൂമിയുടെ ദോഷം മാറാനുള്ള പൂജയാണ് നടത്തിയതെന്നും സതീശൻ പൊലീസ് കസ്റ്റഡിയിലെടുത്ത സമയത്ത് വിളിച്ചുപറഞ്ഞിരുന്നു.