മുറികളിൽ രക്തക്കറ; ഗ്യാസ് സിലിണ്ടറിലെ തീ പടർന്ന് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സൂചന


ഇടുക്കി: നാരകക്കാനത്ത് ഗ്യാസ് സിലിണ്ടറിലെ തീ പടർന്ന് വീട്ടമ്മ മരിച്ചത് കൊലപാതകമെന്ന് സൂചന. വീടിനുള്ളിൽ നിന്നും രക്തത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതോടെ സംഭവത്തിൽ കൂടുതൽ ദുരൂഹതയുള്ളതായി പോലീസ് വ്യക്തമാക്കി. നാരകക്കാനം കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണി (64 ) ആണ് മരിച്ചത്.
സംഭവത്തിൽ സംശയാസ്പദമായ നിരവധി സാഹചര്യങ്ങൾ ഉണ്ടെന്നും അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സംഭവം കൊലപാതകം ആണോ എന്ന് സ്ഥിരീകരിക്കാൻ കഴിയു എന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
ചിന്നമ്മയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങൾ സംഭവസ്ഥലത്ത് തന്നെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. വരും ദിവസങ്ങളിൽ സമീപവാസികളെ ഉൾപ്പെടെ വിശദമായി ചോദ്യംചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസ് അന്വേഷിക്കുക.
കൊച്ചുമകൾ വൈകിട്ട് സ്കൂൾ വിട്ടു വീട്ടിൽ വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കാലിന്റെ ചില ഭാഗങ്ങൾ ഒഴിച്ചാൽ മൃതദേഹം പൂർണ്ണമായും കത്തികരിഞ്ഞ നിലയിലാണ് കാണപ്പെട്ടത്.