ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടും; 85 പേരുടെ പട്ടികയിൽ സൂക്ഷ്മ പരിശോധന


ക്രിമിനൽ കേസുകളിൽ പ്രതിയായ പൊലീസുകാരെ പിരിച്ചുവിടാൻ നീക്കം നടക്കുന്നതായി സൂചന. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകിയിരുന്നു. പൊലീസ് ആസ്ഥാനത്തും ജില്ലാതലത്തിലും പട്ടിക തയ്യാറാക്കാനാണ് ഡിജിപി നിർദേശിച്ചത്.
അടുത്തിടെയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന പൊലീസുകാരുടെ എണ്ണം ഏറിവരുന്നുണ്ട്. ഏറ്റവുമൊടുവിൽ തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ എസ്എച്ച്എ പി. ആർ സുനുവിനെ സസ്പെൻഡ് ചെയ്തിരുന്നു. നേരത്തെ ഇടുക്കിയിൽ മാങ്ങ മോഷ്ടിച്ച പൊലീസുകാരനെയും എറണാകുളത്ത് സ്വർണം മോഷ്ടിച്ച പൊലീസുകാരനെയും സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ പിരിച്ചുവിടാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടി തുടങ്ങിയിട്ടുണ്ട്.
ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും നിരവധിക്കേസിൽ അന്വേഷണം നേരിടുന്നതുമായി പൊലീസുകാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്യും.
ക്രിമിനൽ കേസുകളിൽ പ്രതിയാകുന്ന പൊലീസുകാർ, കോടതി ഉത്തരവുകളുടെ ബലത്തിൽ ജോലിയിൽ തിരിച്ചുകയറുകയും സ്ഥാനക്കയറ്റം ഉൾപ്പടെയുള്ളവ നേടുകയും ചെയ്യുന്നുണ്ട്. ഇതിന് തടയിടാനാണ് ഗുരുതരമായ കേസുകളിൽ അകപ്പെട്ടവരെ പിരിച്ചുവിടാൻ ആലോചിക്കുന്നത്.